സ്വര്‍ണക്കടത്ത്;സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകളില്‍ ശിവശങ്കറിനും പങ്ക്; വിശദമായ അന്വേഷണം വേണം; എന്‍ഫോഴ്‌സ്‌മെന്റ്

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ആഴത്തില്‍ അന്വേഷണം വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകളില്‍ ശിവശങ്കറിനും പങ്കുണ്ടെന്ന് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ ഇഡി പറയുന്നു. ശിവശങ്കറും സ്വപ്‌നയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചു.

സ്വപ്‌നയുമായി ശിവശങ്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്വപ്‌നയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന പല അവസരങ്ങളിലും അവരെ ശിവശങ്കര്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഈ പണം സ്വപ്‌ന സുരേഷ് മടക്കി നല്‍കിയിട്ടില്ല.

സ്വപ്‌നയ്ക്കു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ പരിചയപ്പെടുത്തി നല്‍കിയതു ശിവശങ്കറാണ്. പണമടങ്ങിയ ബാഗുമായി സ്വപ്‌ന സുരേഷ് എത്തിയ സമയത്ത് ശിവശങ്കറും അവിടെയുണ്ടായിരുന്നു.

വേണുഗോപാലിന് ശിവശങ്കര്‍ അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ കുറ്റപത്രത്തില്‍ എടുത്തുപറയുന്നുണ്ട്. 30 ലക്ഷം രൂപ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാനും താന്‍ നേരിട്ട് വേണുഗോപാലിന്റെ അടുത്ത് എത്താമെന്ന് പറയുന്നതായും വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ പറയുന്നു.