കൊച്ചി: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. ഇതിനായി വെള്ളിയാഴ്ച വരെ സ്വപ്ന സുരേഷിനെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി. സ്വപ്നയുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ് എന്നിവയുടെ ഡിജിറ്റൽ ഫൊറൻസിക് പരിശോധനാ ഫലം എൻഐഎക്കു ലഭിച്ച പശ്ചാത്തലത്തിലാണു വീണ്ടും ചോദ്യം ചെയ്യുന്നത്.
സ്വപ്നയുടെ ആദ്യമൊഴികളുമായി വൈരുധ്യമുള്ള വിവരങ്ങളാണ് ഇതിലുള്ളത്. മൊബൈൽ ഫോണിൽ നിന്നു സ്വപ്ന മായ്ച്ചുകളഞ്ഞ ഓൺലൈൻ ചാറ്റുകൾ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു.
നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ പല പ്രതികളും ബെനാമികളാണെന്ന് ആദായ നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്, സന്ദീപ് നായർ, കെ.ടി. റമീസ്, ഹംജദ് അലി, ജലാൽ, മുഹമ്മദ് ഷാഫി, മുഹമ്മദ് അൻവർ, ഇ. സയീദ് അലവി എന്നിവരെ ജയിലിൽ ചോദ്യം ചെയ്യാനുള്ള ആദായനികുതി വകുപ്പിന്റെ അപേക്ഷ സാമ്പത്തിക കുറ്റവിചാരണക്കോടതി അനുവദിച്ചു. സ്വർണക്കടത്തിനു വേണ്ടി പണം മുടക്കിയവരെയും ലാഭവിഹിതം പങ്കിട്ടവരെയും കണ്ടെത്തുകയാണു ലക്ഷ്യം.
അറസ്റ്റ് ചെയ്ത് 60 ദിവസം പൂർത്തിയായ സാഹചര്യത്തിൽ സന്ദീപ് നായർക്കു കസ്റ്റംസ് കേസിൽ ഇന്നലെ സാമ്പത്തിക കുറ്റവിചാരണക്കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണു ജാമ്യം. എന്നാൽ, യുഎപിഎ ചുമത്തി എൻഐഎ കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ പ്രതി റിമാൻഡിൽ തുടരും.