മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ കാർട്ടൂൺ വാട്ട്സ്ആപ്പിലൂടെ അയച്ചുവെന്ന് ആരോപിച്ച് വിരമിച്ച നേവി ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ നാലു ശിവസേന പ്രവർത്തകർ അറസ്റ്റിൽ. മദൻ ശർമ (65) മുൻ ആർമി ഉദ്യോഗസ്ഥനാണ് മർദനമേറ്റത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കഴിഞ്ഞ ദിവസം പതിനൊന്നരയോടെ സബർബൻ കണ്ഡിവാലിയിലുള്ള ലോഖണ്ഡ്വാല കോംപ്ലക്സിലുള്ള ശര്‍മ്മയുടെ താമസസ്ഥലത്ത് എത്തിയായിരുന്നു ആക്രമണം. വിരമിച്ച ആർമി ഉദ്യോഗസ്ഥനായ മദൻ ശർമ ഉദ്ധവ് താക്കറെയുടെ ഒരു കാർട്ടൂൺ ചിത്രം വാട്ട്സ്ആപ് ഗ്രൂപ്പിലേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന പ്രവർത്തകർ വീട്ടിലെത്തി അദ്ദേഹത്തെ മർദ്ദിച്ചത്.
കണ്ണിനു പരിക്കേറ്റ അദ്ദേഹം ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടക്കം ഒട്ടേറെ ബിജെപി നേതാക്കൾ മര്‍ദനമേറ്റ മദൻ ശര്‍മയുടെ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്. തികച്ചും ദു:ഖകരവും നടുക്കുന്നതുമായ സംഭവമാണ് നടന്നതെന്ന് ഫഡ്നാവിസ് ട്വീറ്റ് ചെയ്തു.