ശിവശങ്കറിൻ്റെ നിയമനം സംസ്ഥാന സർക്കാർ പുനപരിശോധിക്കുന്നു ; ശ്രീറാം മോഡൽ തിരിച്ചുവരവിനെന്ന് ആക്ഷേപം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിൻ്റെ നിയമനം സംസ്ഥാന സർക്കാർ പുനപരിശോധിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് രൂപം നൽകി. സിവിൽ സർവ്വീസ് ചട്ടത്തിലെ 3 (8) സി വകുപ്പ് പ്രകാരമുള്ള സാധാരണ നടപടി മാത്രമാണിതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

സർക്കാരിന്റെ ഈ നിക്കത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. മാധ്യമ പ്രവർത്തകൻ കെഎം ബഷീറിൻ്റെ അപകട മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തതിൻ്റെ തനിയാവർത്തനത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് ആരോപണം. ശിവശങ്കറെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന് ചിലർ ചിന്തിക്കുന്നതായാണ് സൂചന.

തിരുവനന്തപുരം സ്വർണകടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിൻ്റെ പേരിലാണ് മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ശിവശങ്കറെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. സ്വർണക്കടത്ത് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളെല്ലാം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്നാ സുരേഷുമായുള്ള ശിവശങ്കറിൻ്റെ ഇടപാടുകൾ അന്വേഷണ ഏജൻസികൾ വിശദമായി ചോദിച്ചറിഞ്ഞിരുന്നു.

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴിൽ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജീത്ത് രാജൻ, അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസ് എന്നിവരടങ്ങിയ മൂന്നംഗസമിതിയെയാണ് ഇതിനായി സർക്കാർ നിയോഗിച്ചത്. പൊതുഭരണവകുപ്പ് അഡീ. സെക്രട്ടറി ഹരിത വി കുമാറാണ് ഇതുമായി ബന്ധപ്പെട്ട ഓർഡർ പുറപ്പെടുവിച്ചിരിക്കുന്നത്.