കൊച്ചി: ഓർത്തഡോക്സ് – യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന മുളന്തുരുത്തി പളളി തിങ്കളാഴ്ചക്കകം എറണാകുളം ജില്ലാ കലക്ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കുകയും വേണം. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പളളിയിൽ പ്രവേശിക്കാൻ സർക്കാർ സംരക്ഷണം നൽകുന്നില്ലെന്നാരോപിച്ച് ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ സിആർപിഎഫിനെ നിയോഗിക്കാൻ കഴിയുമോയെന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് നിർദേശം.
കൊവിഡിന്റെയും പ്രളയത്തിന്റെയും പശ്ചാത്തലത്തിൽ പള്ളി ഏറ്റെടുക്കാൻ മൂന്നു മാസത്തെ സാവകാശം വേണമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി കേന്ദ്ര സർക്കാരിനോട് അഭിപ്രായം തേടിയത്. സുപ്രീം കോടതി വിധി പ്രകാരം പള്ളിയിൽ പ്രാർത്ഥന നടത്താൻ ഓർത്തഡോക്സ് വിഭാഗം പല തവണ എത്തിയിരുന്നു. എന്നാൽ യാക്കോബായ വിഭാഗം പള്ളിക്കകത്ത് സംഘടിച്ച് ഇത് തടഞ്ഞു. സംഘർഷം ഒഴിവാക്കാൻ പൊലീസ് ശ്രമിച്ചതോടെ പള്ളി ഏറ്റെടുക്കുന്നത് നീണ്ടു. സിആർപിഎഫിന്റെ സഹായം തേടുന്നതിനെതിരെ സംസ്ഥാനം ഡിവിഷൻ ബെഞ്ചിനെ സമീപിച്ചപ്പോഴാണ് തിങ്കളാഴ്ചക്കുള്ളിൽ പള്ളി ഏറ്റെടുക്കാൻ നിർദ്ദേശം ഉണ്ടായത്.