ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകൾ; ചാർട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ഇയാളുടെ ചാർട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു. വരുമാനത്തെ കുറിച്ച് ശിവശങ്കർ നൽകിയ മൊഴിയിൽ വ്യക്തത വരുത്താനായിരുന്നു ചോദ്യം ചെയ്യൽ. ഇന്നലെ രാത്രിയായിരുന്നു തിരുവനന്തപുരം കസ്റ്റംസ് യൂണിറ്റിലെ ഉദ്യോഗസ്ഥൻ അക്കൗണ്ടന്റിനേ ചോദ്യം ചെയ്തത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് എയര്‍ കാര്‍ഗോ ഏജന്റ്‌സ് അസോസിയേഷന്‍ നേതാവ് ഹരിരാജനെ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കേസിലെ പ്രതികളായ എടക്കണ്ടന്‍ സെയ്തലവി, ടിഎം മുഹമ്മദ് അന്‍വര്‍, ടിഎം സംജു, അബ്ദുല്‍ ഹമീദ്, പഴയേടത്ത് അബൂബക്കര്‍, സി വി ജിഫ്‌സല്‍, ഹംസത്ത് അബ്ദുള്‍ സലാം എന്നിവരെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കേസിന്റെ ദേശവിരുദ്ധ സ്വഭാവം പരിശോധിച്ച് ബോധ്യപ്പെടാന്‍ അന്വേഷണ സംഘത്തിന്റെ കേസ് ഡയറി നേരിട്ട് ഹാജരാക്കാന്‍ എന്‍ഐഎ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച കേസ് ഡയറി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും.