കോട്ടയം: കൊറോണ ബാധിച്ച് മരിച്ചയാളുടെ സംസ്കാരത്തെ ചൊല്ലിയുളള തര്‍ക്കം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കോട്ടയത്ത് കൊറോണ ബാധിച്ച് മരിച്ചയാളുടെ സംസ്കാരമാണ് നാട്ടുകാര്‍ തടഞ്ഞത്. നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ സംസ്കാരത്തെ ചൊല്ലിയാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം മരിച്ച ഔസേപ്പ് ജോര്‍ജിന് ഇന്നാണ് കൊറോണ സ്ഥിരീകരിച്ചത്. മൃതദേഹം സംസ്കരിക്കാന്‍ തെരഞ്ഞെടുത്ത മുട്ടമ്പലത്തെ നഗരസഭാ ശ്മശാനത്തിന്റെ കവാടം നാട്ടുകാര്‍ കെട്ടിയടയ്ക്കുകയായിരുന്നു. തുടര്‍ന്ന് കുത്തിയിരിപ്പ് സമരം നടത്തുന്ന നാട്ടുകാരെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ നടന്നുവരികയാണ്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
കൊറോണ പ്രോട്ടോകോള്‍ പാലിക്കാതെ ആളുകള്‍ തടിച്ചുകൂടിയാണ് പ്രതിഷേധിക്കുന്നത്. അതേസമയം കെട്ടിയടിച്ച പൊതു വഴി പൊലീസ് തുറന്നു. ഇവിടെ ഒരു സംസ്കാരം നടത്തിയാല്‍ ഇനിയും ഒരുപാട് കൊറോണ സംസ്കാരങ്ങള്‍ നടക്കാന്‍ ഇടയാക്കുമെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ഇത് കൂടുതല്‍ പേരിലേക്ക് രോഗം പകരാന്‍ ഇടയാക്കുമെന്നായിരുന്നു നാട്ടുകാരുടെ തെറ്റിദ്ധാരണ.