ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മാർക്കറ്റിലെ തൊഴിലാളികൾക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ മത്സ്യമാർക്കറ്റിൽ ഇന്നും നാളെയും ആൻ്റിജൻ പരിശോധന തുടരും. മൊബൈൽ യൂണിറ്റിലും മത്സ്യമാർക്കറ്റിൽ ക്രമീകരിച്ചിട്ടുള്ള ബൂത്തിലുമാകും പരിശോധന. ഇന്നലെ കൂടുതൽ ആളുകളുടെ പരിശോധനാ ഫലം പോസിറ്റീവായതോടെ ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെ സ്രവ പരിശോധനയും ഇന്ന് നടക്കും. അതേസമയം നഗരസഭ വാർഡ് 39ൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സമൂഹ വ്യാപന സാധ്യത ഒഴിവാക്കാൻ ചിങ്ങവനത്ത് ഇന്നും നാളെയും കടകൾ തുറക്കില്ല. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിൻ്റെ കീഴിലുള്ള ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും മുടക്കമായിരിക്കുമെന്ന് പ്രസിഡൻ്റ് ജി. കണ്ണൻ അറിയിച്ചു.
പ്രവിത്താനത്ത് 2 പേർക്ക് സമ്പർക്കത്തിലൂടെ രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രവിത്താനത്തും വ്യാപാര സ്ഥാപനങ്ങൾ ഒരാഴ്‍ച്ച അടച്ചിടും എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് അറിയിച്ചു. മുൻകരുതലിന്റെയും പ്രതിരോധത്തിന്റെയും ഭാഗമായാണ് കടകൾ ഒരാഴ്ച്ച അടച്ചിടാൻ തീരുമാനിച്ചത്. അടുത്ത ഞായറാഴ്ച്ച വരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും. മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കും. കഴിഞ്ഞ ദിവസമാണ് പ്രവിത്താനം മാർക്കറ്റ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ രാമപുരം സ്വദേശിക്കും പ്രവിത്താനം സ്വദേശിക്കും സമ്പർക്കത്തിലൂടെ രോഗ ബാധ സ്ഥിരീകരിച്ചത്. ഇവരുടെ രണ്ടു പേരുടെയും സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.