തിരുവനന്തപുരം : തന്നെ കുരുക്കി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി നടപടിയ്ക്ക് വിധേയനായ ഐടി ഉദ്യോഗസ്ഥന്‍ അരുണ്‍ ബാലചന്ദ്രന്‍. ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് അരുണ്‍ ഉന്നയിച്ചത്. ഐടി വകുപ്പില്‍ വരുന്നതിന് മുമ്പേ തന്നെ ശിവശങ്കറിന് സ്വപ്‌നയുമായി ബന്ധമുണ്ടെന്നും അരുണ്‍ വ്യക്തമാക്കി. എന്‍ഐഎയ്ക്കും കസ്റ്റംസിനും നല്‍കിയ പരാതിയിലാണ് അരുണ്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ശിവശങ്കര്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ സ്വപ്‌നയുടെ ഭര്‍ത്താവ് ജയശങ്കറിന് മുറി ബുക്ക് ചെയ്തത്. അത് ആര്‍ക്കാണെന്ന കാര്യം പോലും തനിക്ക് വ്യക്തതയുണ്ടായിരുന്നില്ല. സുഹൃത്തിന്റെ കുടുംബത്തിന് വേണ്ടിയാണെന്നാണ് ശിവശങ്കര്‍ തന്നോട് പറഞ്ഞത്.
അതു പറഞ്ഞതിന്റെ പേരില്‍ ഇപ്പോള്‍ എല്ലാ കുറ്റവും ചെയ്തത് താനാണെന്ന് വരുത്തി ശിവശങ്കറെ രക്ഷിക്കാനും, തന്നെ കേസില്‍ കുടുക്കാനും ശ്രമം നടക്കുന്നുവെന്നാണ് അരുണ്‍ പരാതിയില്‍ ബോധിപ്പിക്കുന്നത്. ഐടി വകുപ്പില്‍ എത്തുന്നതിന് മുമ്പ്, യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്‌ന പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ശിവശങ്കറിന് സ്വപ്‌നയുമായി ആഴത്തില്‍ ബന്ധമുണ്ട് എന്നും അരുണ്‍ പറയുന്നു.
ഫ്ലാറ്റിൽ മുറി എടുത്ത് കൊടുത്തത് പോലെ, സ്വപ്‌നയ്ക്ക് കാര്‍ വില കുറച്ച് വാങ്ങുന്നതിന് ശുപാര്‍ശ ചെയ്യാന്‍ വേണ്ടിയും ശിവശങ്കര്‍ തന്നെ വിളിച്ചിരുന്നു എന്നും പരാതിയില്‍ അരുണ്‍ വെളിപ്പെടുത്തി. സ്വര്‍ണക്കള്ളക്കടത്ത് പ്രതികള്‍ക്ക് റൂം ബുക്ക് ചെയ്തുകൊടുത്തു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അരുണ്‍ ബാലചന്ദ്രനെ ടെക്‌നോപാര്‍ക്കിലെ ഉന്നത പദവിയില്‍ നിന്നും മാറ്റിയിരുന്നു.
കസ്റ്റംസ് നടത്തിയ 10 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ സ്വപ്‌ന തന്റെ അടുത്ത സുഹൃത്താണെന്ന് ശിവശങ്കര്‍ സമ്മതിച്ചിരുന്നു. കള്ളക്കടത്തു കേസില്‍ അറസ്റ്റിലായ സരിത്ത്, സന്ദീപ് എന്നിവരുമായി പരിചയമുണ്ടെന്നും ശിവശങ്കര്‍ മൊഴി നല്‍കി. ശിവശങ്കറിന് ജാഗ്രതക്കുറവുണ്ടായതായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തിയിട്ടുണ്ട്.