ഡെല്‍ഹിയിൽ സ്ഥിതി കൂടുതൽ സങ്കീർണമായി; കൊറോണ രോഗികൾ 85000 കടന്നു

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനമായ ഡെല്‍ഹിയിൽ കൊറോണ വ്യാപനം കൂടുതൽ രൂക്ഷമായതോടെ സ്ഥിതി സങ്കീർണമായി. രോഗബാധിതർ പെരുകിയതോടെ ചികിൽസാ സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇന്നലെ പുതിയ 2084 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊറോണ കേസുകള്‍ 85000 കടന്നു. ഇതോടെ ഡെല്‍ഹിയില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ 440 ആക്കി ഉയര്‍ത്തി. 26246 ഓളം പേരാണ് നിലവില്‍ ഇവിടെ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 57 മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ 2680 പേരാണ് ഇതുവരെ ഇവിടെ രോഗബാധയേറ്റു മരിച്ചത്. കൊറോണാ വ്യപനം വന്‍ തോതില്‍ കൂടുന്നതിനാല്‍ കൊറോണ പരിശോധനകളുടെ എണ്ണം പ്രതിദിനം 20000 ആക്കാനാണ് ഡെല്‍ഹി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്നലെ 16157 ഓളം ടെസ്റ്റുകളാണ് ഡെല്‍ഹിയില്‍ നടത്തിയത്. ജൂണ്‍ 21 നു ശേഷം കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം 198 ആയി ഉയര്‍ന്നിരുന്നു. എന്നാല്‍ പോസിറ്റിവ് കേസുകള്‍ വര്‍ധിച്ചതോടെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണവും ഉയര്‍ത്തി.