ഷാര്‍ജ: മലയാളി വ്യവസായി അജിത് തയ്യിൽ കെട്ടിടത്തില്‍ നിന്നു ചാടി ജീവനൊടുക്കി.ജോയ് അറയ്ക്കിലിനു പിന്നാലെയാണ് ഗള്‍ഫില്‍ വീണ്ടും മലയാളി വ്യവസായിയുടെ ആത്മഹത്യ. സ്പേസ് സൊലൂഷന്‍സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്ടര്‍ അജിത് തയ്യിലാണ് ഷാര്‍ജ ടവറില്‍നിന്നു ചാടി തിങ്കളാഴ്ച ജീവനൊടുക്കിയത്. അജിത്തിന്റെ മരണം ആത്മഹത്യയാണെന്ന് ഷാര്‍ജ പോലീസ് സ്ഥിരീകരിച്ചു. രണ്ടു കുട്ടികള്‍ക്കും ഭാര്യയ്ക്കുമൊപ്പമാണ് കണ്ണൂര്‍ സ്വദേശിയായ അജിത് താമസിച്ചിരുന്നത്.
അജിത് വീട്ടില്‍നിന്നു പോയത് കുടുംബാംഗങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് സുഹൃത്തായ അഡ്വ. ടി.കെ. ഹാഷിക് പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി യുഎഇയിലുള്ള അജിത് ദുബായില്‍ ഒട്ടേറെ ബിസിനസ് സംരംഭങ്ങളുടെ ഉടമയാണ്. ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക്ഷോപ്പ്, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്പെയ്സ് മാക്സ് എന്ന കമ്പനി നടത്തുകയായിരുന്നു. വിവിധ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തനം.
കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍-ദുബായ്) ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡയറക്ടര്‍ കൂടിയായിരുന്നു ദുബായിയില്‍ താമസക്കാരനായ അജിത്. തിങ്കളാഴ്ച പുലര്‍ച്ചെ ഷാര്‍ജയിലേക്കു വാഹനമോടിച്ച് എത്തിയ അജിത് പിന്നീട് കെട്ടിടത്തില്‍നിന്നു ചാടുകയായിരുന്നു. ഉടന്‍തന്നെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
മൃതദേഹം ഫോറന്‍സിക് മോര്‍ച്ചറിയിലേക്കു മാറ്റിയെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു. ഗള്‍ഫില്‍ രണ്ടു മാസത്തിനിടെ ജീവനൊടുക്കുന്ന രണ്ടാമത്തെ മലയാളി വ്യവസായിയാണ് അജിത്. ഏപ്രിലില്‍ മലയാളി വ്യവസായിയായ ജോയ് അറയ്ക്കല്‍ കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കിയിരുന്നു.