ന്യൂഡെൽഹി: ഡെൽഹി മുൻസിപ്പൽ കോർപറേഷന്റെ കീഴിലുള്ള ആശുപത്രികളിലെ ഡോക്ടർമാർക്ക് എത്രയും വേഗം ശമ്പളം നൽകണമെന്ന് കോടതി. ഡെൽഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഡോക്ടർമാരുടെ ശമ്പളം സംബന്ധിച്ച സുപ്രധാന പരാമർശം. ഡോക്ടർമാർക്ക് ശമ്പളം മുടങ്ങുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ, ഡെൽഹി സർക്കാർ, നോർത്ത് ഡെൽഹി മുനസിപ്പൽ കോർപറേഷൻ എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടി.
മൂന്നു മാസമായി ശമ്പളം കിട്ടാത്തതിനെ തുടർന്ന് കൂട്ടരാജി വെക്കുമെന്ന് ഡൽഹിയിലെ ഹിന്ദു റാവ്, കസ്തൂർബാ ആശുപത്രികളിലെ ഡോക്ടർമാർ സർക്കാരിന് കത്തയച്ചിരുന്നു.
അതേസമയം രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം കവിഞ്ഞു. 24 മണിക്കൂറിനിടെ 10956 പേർക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് ഇതാദ്യമായാണ് പ്രതിദിന വർധന പതിനായിരം കടക്കുന്നത്. നിലവിൽ 2,97,535 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 396 പേരാണ് രാജ്യത്ത് മരിച്ചത്. ഇത് വരെ 1,47,194 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.