കുവൈറ്റിൽ സ്ഥിതി ആശങ്കാജനകം; ദിവസേന ആയിരങ്ങൾക്ക് കൊറോണ ബാധ

കുവൈറ്റ് : കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണവും മരണവും കുവൈറ്റിൽ ക്രമാതീതമായി പെരുകുന്നത് രാജ്യത്ത് മലയാളികളടക്കമുള്ള വിദേശീയരിൽ ഭീതി വർധിപ്പിക്കുന്നു. രോഗബാധിതരുടെ എണ്ണം ദിവസേന അനിയന്ത്രിതമായി വർധിക്കുകയാണ്. രണ്ടു മലയാളികൾ ഉൾപ്പെടെ അഞ്ചു പേരാണ് ഇന്ന് കുവൈറ്റിൽ കൊറോണ ബാധിച്ചു മരിച്ചത്. പരിശോധനയ്ക്ക് വിധേയരാകത്തവരിലും കൊറോണ രോഗ ലക്ഷണങ്ങൾ ഉള്ളത് വലിയ ആശങ്ക വളർത്തുന്നു. ദിവസേന രോഗം ബാധിക്കുന്നവർ ആയിരം കടന്നിരിക്കയാണ്.

രോഗികളുടെ വർധനവും ചികിൽസാ സൗകര്യങ്ങളുടെ പരിമിതിയും ഒട്ടേറെ പേരിൽ ഭയം ജനിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും കൊറോണ സ്ഥിരീകരിച്ചിട്ടും ഫലപ്രദമായ ചികിൽസ ലഭിക്കാത്തത് പ്രശ്നം സങ്കീർണമാക്കുന്നു. കുവൈറ്റ് സർക്കാർ പരമാവധി ചികിൽസാ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും രോഗവ്യാപനത്തോതിൽ വർധനവുണ്ടാകുന്നത് സംവിധാനങ്ങൾ തകിടം മറിക്കുകയാണ്. മറ്റ് ഗുരുതര അസുഖങ്ങൾ ബാധിച്ചാൽ പോലും ചികിൽസാ പരിമിതികളും ഭയവും മലയാളികളടക്കമുള്ളവരെ അസ്വസ്ഥരാക്കുകയാണ്. ഓരോ ദിവസം പിന്നിടുമ്പോഴും ആശങ്ക വർധിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റിൽ 1048 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ കേസുകളുടെ ആകെ എണ്ണം 14850 ആയി. പുതിയ രോഗികളിൽ 242 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4803 ആയി. ഇതോടെ രാജ്യത്ത് കൊറോണ മരിച്ചവരുടെ എണ്ണം 112 ആയി.

കോഴിക്കോട് എലത്തൂർ വെങ്ങളം തെക്കേ ചെരങ്ങോട്ട് അബ്ദുൽ അഷ്റഫ് (55), പാലക്കാട് കൊല്ലങ്കോട് ‘ശ്രീജ’യിൽ വിജയ ഗോപാൽ (65) എന്നിവരാണ് മരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 319 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 288 പേർക്കും അഹമ്മദിയിൽ നിന്നുള്ള 196 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 142 പേർക്കും ജഹറയിൽ നിന്നുള്ള 103പേർക്കും ഇന്ന് കൊറോണ സ്ഥിരീകരിച്ചു. പുതുതായി 250 പേർ കൂടി രോഗമുക്തി നേടി. കൊറോണ മുക്തരായവരുടെ എണ്ണം ഇതോടെ 4093 ആയി. നിലവിൽ 10645 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 168 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.