ന്യൂഡെല്‍ഹി: രാജ്യത്തിന്റെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. രാഷ്ട്രപതി ഭവനില്‍ പ്രൗഢഗംഭീരമായി നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ചടങ്ങില്‍ സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. അതേസമയം മുന്‍ ബംഗാള്‍ ഗവര്‍ണര്‍ കൂടിയായിരുന്ന ജഗ്ദീപ് ധന്‍കറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നു. നേരത്തെ വോട്ടെടുപ്പ് സമയത്തും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് ആറിനായിരുന്നു ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പില്‍ 528 വോട്ട് നേടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ വിജയിച്ചത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ടാണ് ലഭിച്ചത്. 15 വോട്ടുകള്‍ അസാധുവായി.