സ്വപ്‌ന 22ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെൻ്റ് നോട്ടീസ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റിൻ്റെ നോട്ടീസ്. കൊച്ചിയിലെ ഓഫീസിൽവെച്ചാകും ചോദ്യം ചെയ്യൽ. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇഡിയുടെ നീക്കം. സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ഇഡി ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. 

കള്ളപ്പണ കേസിൽ ഇഡി ചോദ്യം ചെയ്തപ്പോൾ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങൾ ഇപ്പോൾ നൽകിയ 164 സ്റ്റേറ്റ്മെന്‍റിൽ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഈ മൊഴിയിലെ വിവരങ്ങൾക്ക് കൂടുതൽ തെളിവ് ശേഖരിക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്.  സ്വപ്ന സുരേഷ് കോടതിയ്ക്ക് നൽകിയ 27 പേജുള്ള രഹസ്യ മൊഴിയാണ് എൻഫോഴ്സ്മെന്‍റിന് ലഭിച്ചിട്ടുള്ളത്. ഇഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ഈ മൊഴി പരിശോധിച്ച് അന്വേഷണവുമായി പോകാൻ കൊച്ചി യൂണിറ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

മൊഴി പകർപ്പ് പരിശോധിച്ച് പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെങ്കിൽ തുടരന്വേഷണം ആരംഭിക്കാനാണ് ഇഡിയുടെ നീക്കം. മൊഴി പകർപ്പ് അനുസരിച്ച് തുടരന്വേഷണം ആരംഭിക്കുകയാണെങ്കിൽ മുഖ്യമന്ത്രിയേയും കുടുംബത്തേയും അടക്കം ഇഡി ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. ബിരിയാണി ചെമ്പിൽ ലോഹ വസതുക്കൾ കടത്തിയതടക്കമുള്ള ഗുരുതര ആരോപണങ്ങൾ സ്വപ്നയുടെ മൊഴിയിലുണ്ട്.