മുംബൈ: രാജ്യത്തെ എല്ലാ എടിഎമ്മുകളില്‍ നിന്നും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ധനവായ്പാനയ അവലോകനത്തിനിടെ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
എ.ടി.എം കേന്ദ്രങ്ങളില്‍ ഡെബിറ്റ് കാര്‍ഡോ, ക്രെഡിറ്റ് കാര്‍ഡോ ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം എല്ലാ ബാങ്കുകളിലും എ.ടി.എമ്മുകളിലും നടപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കാര്‍ഡ് ക്ലോണിംഗ്, കാര്‍ഡ് സ്കിമ്മിംഗ് തുടങ്ങിയ തട്ടിപ്പുകള്‍ തടയാന്‍ ഇതു സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. എടിഎം കാര്‍ഡില്ലാതെ പണം പിന്‍വലിക്കാന്‍ എല്ലാ ബാങ്കുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ക്ക് സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ നല്‍കുമെന്നും ദാസ് പറഞ്ഞു.
നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ വികസിപ്പിച്ച ഐഎംപിഎസ് അധിഷ്ഠിതമായ അതിവേഗ പണമിടപാട് സംവിധാനമാണ് യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് യു.പി.ഐയുടെ വരവോടെ ഉണ്ടായത്.
നിലവില്‍ കാര്‍ഡില്ലാതെ പണം പിന്‍വലിക്കാന്‍ രാജ്യത്തെ ചില എടിഎമ്മുകളില്‍ മാത്രമാണ് സൗകര്യമുള്ളത്. എസ്ബിഐ, ഐസിഐസിഐ, ആക്സിസ്, ബാങ്ക് ഓഫ് ബറോഡ ബാങ്കുകളുടെ എടിഎമ്മില്‍ നിന്നാണ് കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യമുള്ളത്.
ഇത്തരത്തില്‍ പണം പിന്‍വലിക്കണമെങ്കില്‍ ഉപഭോക്താവിന്റെ കൈവശം ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ഉള്ള മൊബൈല്‍ ഫോണ്‍ ഉണ്ടായിരിക്കണം. മൊബൈല്‍ ബാങ്കിംഗ് ആപ്പ് ഉപയോഗിച്ചും ഈ സേവനം സാധ്യമാക്കാവുന്നതാണ്. പ്രതിദിനം 10,000 മുതല്‍ 25,000 രൂപ വരെയാണ് ഇത്തരത്തില്‍ പിന്‍വലിക്കാനാകുന്നത്.