കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയില്‍

ന്യൂ ഡെല്‍ഹി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയില്‍. ജാമ്യം അനുവദിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം.

നേരിട്ടുള്ള തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 28നാണ് ബിനീഷ് കോടിയേരിക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.

2020 നവംബര്‍ 11ന് ആണ് രണ്ടാമത് ചോദ്യം ചെയ്യാനായി ബിനീഷ് കോടിയേരിയെ ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇഡി നാടകീയമായി അറസ്റ്റ് ചെയ്തത്. കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുകയാണെന്നും കേസ് കെട്ടിച്ചമച്ചെന്നുമാണ് തുടക്കം മുതല്‍ ബിനീഷ് കോടതിയില്‍ പറഞ്ഞിരുന്നത്.