Home Featured പി.സി. ചാക്കോ വീണ്ടും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍

പി.സി. ചാക്കോ വീണ്ടും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍

0
പി.സി. ചാക്കോ വീണ്ടും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍

കൊച്ചി: പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി പി.സി. ചാക്കോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എ.കെ ശശീന്ദ്രനാണ് പേര് നിര്‍ദേശിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് കരുതിയിരുന്ന തോമസ് കെ. തോമസ് എം.എല്‍.എ പിന്താങ്ങി.

പി.സി. ചാക്കോയെ പ്രസിഡന്റാക്കാന്‍ പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങളും സമവായത്തില്‍ എത്തുകയായിരുന്നു. അഡ്വ. പി.എം. സുരേഷ് ബാബു, പി.കെ രാജന്‍ മാസ്റ്റര്‍, ലതിക സുഭാഷ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. പി.ജെ കുഞ്ഞുമോന്‍ ആണ് ട്രഷറര്‍.

തെരഞ്ഞെടുപ്പ് നടപടികളില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് നിന്നുള്ള നേതാവ്എന്‍.എ മുഹമ്മദ് കുട്ടി ഇറങ്ങിപ്പോയി. മുഹമ്മദ് കുട്ടി മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും കൈകള്‍ ഉയര്‍ത്തി നടത്തിയ വോട്ടെടുപ്പ് ജനാധിപത്യപരമല്ല എന്ന്ആരോപിച്ചാണ് മുഹമ്മദ് കുട്ടി ഇറങ്ങിപ്പോയത്.അതേസമയം എ.കെ ശശീന്ദ്രന് പകരം മന്ത്രിസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് കരുനീക്കം ശക്തിപ്പെടുത്താനാണ് കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസിന്റെ ശ്രമം.

എന്‍.സി.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. പീതാംബരന്‍ തോമസ് കെ. തോമസിനെ പിന്തുണയ്ക്കുമ്പോള്‍ പി.സി ചാക്കോ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ പി.സി. ചാക്കോ താമസിയാതെ തോമസിനെ പിന്തുണച്ചേക്കുമെന്ന് സൂചനയുണ്ട്. മന്ത്രിസഭയുടെ പകുതി കാലയളവിലെങ്കിലും മന്ത്രിയാകണമെന്ന ആഗ്രഹത്തിലാണ് തോമസ്. തോമസിന്റെ സഹോദരനും അന്തരിച്ച മുന്‍ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയെ പിന്തുണച്ചിരുന്ന പാര്‍ട്ടിയിലെ നല്ലൊരു വിഭാഗത്തെ ഒപ്പം നിര്‍ത്തി വരും ദിവസങ്ങളില്‍ മന്ത്രി പദം നേടുകയെന്ന തന്ത്രമാകും തോമസ് പയറ്റുക.

LEAVE A REPLY

Please enter your comment!
Please enter your name here