ന്യൂഡെല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി ഉത്തരവ്. പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും നിര്‍ദ്ദേശിച്ച് ഉപാധികളോടെയാണ് കോടതി ടീസ്റ്റയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. സ്ഥിരം ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജി പരിഗണിക്കുന്നതിനിടെ ഗുജറാത്ത് ഹൈക്കോടതിയേയും ഗുജറാത്ത് പൊലീസിനെയും രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചിരുന്നു. ടീസ്റ്റയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഗുരുതരമല്ലെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.
ഗുജറാത്ത് കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് സ്ഥാപിക്കാന്‍ ഉന്നതര്‍ക്കെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന കേസിലാണ് കഴിഞ്ഞ ജൂണ്‍ 25-ന് ടീസ്റ്റയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ടീസ്റ്റയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമാണ് ഹാജരായത്.