മറന്നുവച്ച ബാഗ് എടുക്കാന്‍ തിരികെ വന്നു; സ്‌കൂള്‍ വാനിന്റെ അടിയില്‍പ്പെട്ട് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ചെന്നൈ: സ്‌കൂള്‍ വാനിന്റെ അടിയില്‍പ്പെട്ട് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആള്‍വാര്‍ തിരുനഗറിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ദീക്ഷിത്താണ് മരിച്ചത്. വിരുഗമ്പാക്കം ഇളങ്കോ നഗര്‍ കാളിയമ്മന്‍ കോവില്‍ സ്ട്രീറ്റില്‍ വെട്രിവേലിന്റെയും ജെനിഫറിന്റെയും മകനാണ്.

സ്‌കൂള്‍ കോമ്പൗണ്ടില്‍ വച്ച് തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. വാനില്‍ നിന്ന് ഇറങ്ങി ക്ലാസില്‍ പോയ ദീക്ഷിത്ത് മറന്നുവച്ച ബാഗ് എടുക്കാനായി വാനിലേക്ക് തിരികെ വന്നു. കുട്ടി വാനിന്റെ പിന്നിലുള്ള കാര്യം ശ്രദ്ധിക്കാതെ ഡ്രൈവര്‍ വാഹനം പിന്നോട്ടെടുക്കുകയായിരുന്നു.

കുട്ടിയുടെ ദേഹത്ത് വാന്‍ വാഹനം കയറിയിറങ്ങിയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത വളസരവാക്കം പൊലീസ് വാന്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.