മലപ്പുറം: വണ്ടൂരില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്ന് വീണ് നൂറിലേറെ പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഒമ്പതരയോടെ പൂങ്ങോട് ഫ്രണ്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജനകീയ സമിതി നടത്തിയ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് അപകടമുണ്ടായത്. ആറായിരത്തിലേറെ പേരാണ് മത്സരം കാണാന്‍ ഗ്രൗണ്ടിലെത്തിയത്. മുളയും കവുങ്ങും കൊണ്ട് താത്കാലികമായി കെട്ടിയുണ്ടാക്കിയ ഗ്യാലറിയിലേക്ക് നിയന്ത്രണമില്ലാതെ ആളുകള്‍ കയറിയതോടെയാണ് ഗ്യാലറി തകര്‍ന്ന് വീണത്.
നൂറു രൂപ ടിക്കറ്റെടുത്ത് കാണികള്‍ കൂട്ടത്തോടെ എത്തിയതോടെ സംഘാടകര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. കളി കാണാനെത്തിയവരെ ഗ്രൗണ്ടില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ സംഘര്‍ഷമുണ്ടാവുമെന്ന ഭയന്ന് സംഘാടകര്‍ മുഴുവന്‍ ആളുകളെയും ഗ്രൗണ്ടിലേക്ക് കയറ്റുകയായിരുന്നു. കാളികാവ് പൊലീസ് സംഘാടകര്‍ക്കെതിരെ കേസെടുത്തു.