ഉപഭോക്താവിനെ ഹിന്ദി അറിയില്ലെന്ന പേരിൽ അപമാനിച്ച സംഭവം ; പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുത്തെന്ന് നമ്മൾ സൊമാറ്റോ സിഇഒ

ന്യൂഡെൽഹി : പരാതി പറയാൻ കസ്റ്റമ‍ർ കെയറിൽ വിളിച്ച ഉപഭോക്താവിനെ ഹിന്ദി അറിയില്ലെന്ന പേരിൽ അപമാനിച്ച സംഭവം വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ സൊമാറ്റോ ജീവനക്കാരിയെ തിരിച്ചെടുത്തു. ഹിന്ദി അറിയാത്തതിനാൽ പണം റീഫണ്ട് ചെയ്യാനാകില്ലെന്ന കസ്റ്റമകെയർ ഉദ്യോ​ഗസ്ഥ പറഞ്ഞത് വലിയ വിവാദമായിരുന്നു.

ട്വിറ്റ‍റിൽ ച‍ർച്ചയായതിന് പിന്നാലെ സൊമാറ്റോ മാപ്പുപറഞ്ഞു രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റമർകെയർ ജീവനക്കാരിയെ തിരിച്ചെടുത്തത്. തങ്ങളുടെ കസ്റ്റമ‍ർ കെയ‍ർ ജീവനക്കാ‍ർ ഭാഷയിൽ പ്രാവീണ്യരല്ലെന്നും, ഭാഷാ പരമായ വികാരങ്ങൾ ഇല്ലെന്നുമായിരുന്നു ഇതിന് നൽകിയ വിശദീകരണം.

തനിക്ക് നേരിട്ട അനുഭവം കസ്റ്റമ‍ർ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്യുകയും ഒരു ഇനം നഷ്ടപ്പെടുകയും ചെയ്തു. എനിക്ക് ഹിന്ദി അറിയാത്തതിനാൽ തുക തിരികെ നൽകാനാവില്ലെന്ന് കസ്റ്റമർ കെയർ പറയുന്നു. ഒരു ഇന്ത്യക്കാരനായ എനിക്ക് ഹിന്ദി അറിയണം എന്ന പാഠവും ഉൾക്കൊള്ളുന്നു. അയാൾക്ക് തമിഴ് അറിയാത്തതിനാൽ എന്നെ ഒരു നുണയനാണെന്ന് മുദ്രകുത്തുകയും ചെയ്തു. – എന്നായിരുന്നു ട്വീറ്റ്.

സൊമാറ്റോ പിന്നീട് തമിഴിലും ഇംഗ്ലീഷിലും സംഭവത്തിൽ പരസ്യമായി മാപ്പ് പറയുകയും ഉപഭോക്താവിനെ “വൈവിധ്യമാർന്ന സംസ്കാരത്തോടുള്ള അവഗണന കാരണം ഞങ്ങളുടെ ഏജന്റിനെ പിരിച്ചുവിട്ടു” എന്ന് അറിയിക്കുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷം, സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ, ബന്ധപ്പെട്ട ജീവനക്കാരനെ തിരിച്ചെടുക്കുന്നുവെന്ന് ട്വീറ്റ് ചെയ്യുകയും കോൾ സെന്റർ ഏജന്റുമാർ “ഭാഷകളിലും പ്രാദേശിക വികാരങ്ങളിലും വിദഗ്ദ്ധരല്ല” എന്നും കൂട്ടിച്ചേർക്കുകയുമാണ് ഉണ്ടായത്. “ഇത് അവൾക്ക് പഠിക്കാനും ഭാവിയിൽ നന്നായി പ്രവ‍ത്തിക്കാനുമാണ്,” അദ്ദേഹം പറഞ്ഞു.