കൊല്ലം: തെന്മലയില് പരാതിക്കാരനെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. തെന്മല മുന്‍ എസ്എച്ച്ഒ സിഐ വിശ്വംഭരനെയാണ് സസ്പെന്‍ഡ് ചെയ്തത്. പരാതിയുടെ രസീത് ചോദിച്ചതിനാണ് രാജീവ് എന്നയാള്‍ക്ക് മര്‍ദനമേല്‍ക്കേണ്ടി വന്നത്.
ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. പരാതിയുടെ രസീത് ആവശ്യപ്പെട്ട രാജീവിനോട് പിന്നീട് നല്‍കാമെന്ന് പോലീസ് മറുപടി നല്കി. എന്നാല്‍ ഇപ്പോള്‍ തന്നെ വേണമെന്നു പറഞ്ഞ രാജീവിനെ വാഹനത്തില്‍ നിന്നുമിറങ്ങി വന്ന വിശ്വംഭരന് മര്‍ദിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ രാജീവിനോട് ഇത് കളയാനും വിശ്വംഭരന് ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് രാജീവിനെ ഇയാള്‍ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.
തുടര്‍ന്ന് രാജീവ് ഒരു സന്നദ്ധ സംഘടനയുടെ സഹായത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇതേതുടര്‍ന്ന് പോലീസിന് കോടതിയുടെ വലിയ വിമര്‍ശനമേറ്റിരുന്നു. ഇതിനു പിന്നാലെയാണ് സൗത്ത് സൗണ് ഐജി ഇയാളെ സസ്പെന്‍ഡ് ചെയ്തത്.