ടോക്യോ: ഒളിംപിക്‌സ് ഹോക്കി സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. 2-1നാണ് അര്‍ജന്റീനയോട് ഇന്ത്യ മുട്ടുമടക്കിയത്. പുരുഷ ഹോക്കിയിലേതിന് പിന്നാലെ വനിതാ ഹോക്കിയിലും ഇന്ത്യക്ക് മുന്‍പില്‍ ഇനി വെങ്കല മെഡല്‍ പ്രതീക്ഷ. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ സ്‌കോര്‍ ചെയ്ത് അര്‍ജന്റീനയെ ഇന്ത്യ സമ്മര്‍ദത്തിലാക്കിയിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ അര്‍ജന്റീനിയന്‍ ക്യാപ്റ്റന്‍ മരിയ നോയല്‍ അവര്‍ക്കായി ഗോള്‍ വല കുലുക്കി.
രണ്ടാം ക്വാര്‍ട്ടറില്‍ പൊസഷന്‍ കൂടുതല്‍ അര്‍ജന്റീന നിലനിര്‍ത്തിയിരുന്നു. അര്‍ജന്റീന പല അവസരങ്ങളും രണ്ടാം ക്വാര്‍ട്ടറില്‍ സൃഷ്ടിച്ചെങ്കിലും രണ്ടാമത്തെ ഗോള്‍ വഴങ്ങാതെ ഇന്ത്യ രക്ഷപെടുകയായിരുന്നു.
25-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ മികച്ച അവസരം ഇന്ത്യക്ക് മുന്‍പില്‍ വന്നെങ്കിലും അര്‍ജന്റീനിയന്‍ ഗോള്‍കീപ്പര്‍ രക്ഷയ്‌ക്കെത്തി. മധ്യനിരയിലെ പ്രശ്‌നങ്ങളാണ് സെമിയില്‍ ഇന്ത്യയെ പ്രധാനമായും അലട്ടിയത്. മൂന്നാം ക്വാര്‍ട്ടറില്‍ അര്‍ജന്റീന ലീഡ് എടുത്തു.
ഡെയ്ഞ്ചറസ് പ്ലേയില്‍ അമ്പയര്‍ റിവ്യു നല്‍കിയെങ്കിലും റിവ്യുയില്‍ അര്‍ജന്റീനക്ക് അനുകൂലമായി തീരുമാനം വന്നതോടെ സ്‌കോര്‍ 2-1ലേക്ക് എത്തി. ഇന്ത്യന്‍ താരം സുശില ചാനുവിന്റെ കാലില്‍ പന്ത് തട്ടിയതായി വാദം ഉയര്‍ന്നെങ്കിലും ഗോള്‍ പിന്‍വലിച്ചില്ല. അവസാന ക്വാര്‍ട്ടറില്‍ സമനില ഗോളിനായി പൊരുതി ഇന്ത്യന്‍ സംഘം ഷോര്‍ട്ട് പാസുകളിലൂടെ അര്‍ജന്റീനക്ക് മേല്‍ സമ്മര്‍ദം കൂട്ടി. എന്നാല്‍ ഇന്ത്യന്‍ മുന്നേറ്റങ്ങളുടെ മുനയൊടിക്കാന്‍ അര്‍ജന്റീനക്കായി.
ക്വാര്‍ട്ടറില്‍ ഒളിംപിക്‌സ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ് ക്വാര്‍ട്ടര്‍ സാധ്യത നഷ്ടമായി എന്ന് കരുതിയിടത്ത് നിന്നാണ് ഇന്ത്യന്‍ വനിതാ സംഘം ശക്തമായി തിരിച്ചെത്തിയത്.