എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു; ഇത്തവണ വിജയ ശതമാനം 99.47%

തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ വിജയ ശതമാനം 99.47%. കഴിഞ്ഞവർഷം 98.8% ആയിരുന്നു. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. നാലരലക്ഷത്തോളം വിദ്യാർഥികളുടെ ഇത്തവണ ഫലമാണ് പുറത്ത് വന്നത്. കേരളത്തിലെ ആദ്യത്തെ ഓൺലൈൻ സ്‌കൂളിങ് സംവിധാനത്തിൽ നിന്നും പൊതുപരീക്ഷ എഴുതുന്ന ആദ്യബാച്ചിൻ്റെ ഫലമാണ് തയ്യാറായത്.

പരീക്ഷ എഴുതിയത് 4,21,887 പേരാണ്. അതില്‍ 4,19651 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ളത്. 99.85 ശതമാനം പേരും അവിടെ വിജയിച്ചു. പാലാ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത്. 99.97 ശതമാനം വിദ്യാര്‍ത്ഥികള്‍. വയനാട്ടില്‍ ആണ് കുറവ് (98.13) വിജയിച്ചത്.

ഫുള്‍ എ പ്ലസ് 1,21,318 പേര്‍ക്ക് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഫുള്‍ എ പ്ലസ് 41,906 പേര്‍ക്ക് ആയിരുന്നു. 79,412 ഫുള്‍ എ പ്ലസ് വര്‍ധിച്ചു. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് ലഭിച്ചത്. 7838 പേര്‍ക്ക് ഫുള്‍ എ പ്ലസ് മലപ്പുറത്ത് ലഭിച്ചു. 98.82 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ വിജയം.

പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ (പുതിയ സ്‌കീം) 615 പേര്‍ പരീക്ഷയെഴുതിയതില്‍ 537 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. പ്രൈവറ്റ് വിദ്യാര്‍ത്ഥികളില്‍ പഴയ സ്‌കീമില്‍ പരീക്ഷ എഴുതിയ 346 പേരില്‍ 270 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. എസ്എസ്എല്‍സി പ്രൈവറ്റ് വിഭാഗത്തില്‍ 991 പേര്‍ പരീക്ഷ എഴുതി. കൊവിഡ് കാരണം മൂല്യനിര്‍ണയ ക്യാംപുകള്‍ 57ല്‍നിന്ന് 72 ആയി ഉയര്‍ത്തിയിരുന്നു. 12,971 അധ്യാപകര്‍ ക്യാമ്പുകളില്‍ പങ്കെടുത്തുവെന്നും മന്ത്രി. ഐടി പ്രാക്ടിക്കല്‍ പരീക്ഷ നടക്കാതിരുന്നതിനാല്‍ നിരന്തര മൂല്യ നിര്‍ണയത്തിലൂടെ ആനുപാതികമായി നല്‍കിയെന്നും മന്ത്രി പറഞ്ഞു.

ഗള്‍ഫില്‍ ആകെ 9 സെന്ററുകളുണ്ട് അവിടെ 97.03% വിജയമാണ് ഉണ്ടായിരിക്കുന്നത്. മൂന്നു വിദ്യാലയങ്ങള്‍ സമ്പൂര്‍ണ വിജയം കരസ്ഥമാക്കി. ലക്ഷദ്വീപില്‍ 9 സെന്ററുകളുണ്ട്. ഇവിടെ 96.81% വിജയമാണ് ഉണ്ടായിരിക്കുന്നത്.

മലപ്പുറം എടരിക്കോട് പികെഎംഎച്ച്എസ്എസ് സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് . 2076 വിദ്യാര്‍ഥികളാണ് ഇവിടെ ഇത്തവണ പരീക്ഷയെഴുതിയത്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയത് പത്തനംതിട്ട നിരണം വെസ്റ്റിലുള്ള സെന്റ് തോമസ് എച്ച്എസ്എസിലാണ്. ഒരാള്‍ മാത്രം പരീക്ഷയെഴുതി.