ചേളന്നൂർ: കരിങ്കൽ കയറ്റാനായി നിർത്തിയിട്ട ടിപ്പർ ലോറി നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഏഴേ ആറിന് സമീപം അരണാട്ടിൽ മീത്തൽ പ്രകാശൻ (62), പുതിയങ്ങാടി കൊട്ടാരത്തിൽ മുഹമ്മദ് അഷ്റഫ് (59) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രകാശനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പൊക്കാളി ക്വാറിയിൽ ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം.
പാറയുടെ മുകൾഭാഗത്തുകൂടി വന്ന ലോറി തൊട്ടുതാഴെ കല്ലുപൊട്ടിച്ചുണ്ടാക്കിയ റോഡിൽ നിർത്തി ഡ്രൈവർ പുറത്തേക്കിറങ്ങിയതായിരുന്നു അപകടം. പിറകോട്ടുവരുന്നത് ഒഴിവാക്കാനായി ടയറിനടിയിൽ കല്ലുവെക്കുമ്പോഴേക്കും ലോറി പിറകോട്ട് നീങ്ങി മലക്കം മറിഞ്ഞു. ഈ സമയം കംപ്രസർ ഉപയോഗിച്ച് പാറയിൽ കല്ലുതുളക്കുകയായിരുന്നു പ്രകാശനും മുഹമ്മദ് അഷ്റഫും. ലോറി ഇവരുടെ ദേഹത്ത് തട്ടി തെറിച്ചുവീഴുകയായിരുന്നു. പൂർണമായും തകർന്ന് തലകീഴായി മറിഞ്ഞ ലോറി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് നിവർത്തിയത്.
ലോറി ഇനിയും താഴ്ചയിലേക്കെത്തിയിരുന്നെങ്കിൽ താഴെ ജോലി ചെയ്യുന്ന ഒട്ടേറെ പേർ അപകടത്തിൽപെടുമായിരുന്നു. ക്വാറി ജീവനക്കാരും ഡ്രൈവർമാരും ഉടൻ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. കാക്കൂർ പൊലീസും ചേളന്നൂർ പഞ്ചായത്ത്, വില്ലേജ് അധികൃതരും സംഭവസ്ഥലം സന്ദർശിച്ചു.