വിവാഹദിനത്തിൽ കാമുകിയെ കാണാൻ പെൺവേഷം കെട്ടിയെത്തി; വെപ്പുമുടി അഴിഞ്ഞു, യുവാവിനെ പൊക്കി !

ലഖ്​നോ: വിവാഹദിനത്തിൽ കാമുകിയെ കാണാൻ പെൺവേഷം ധരിച്ചെത്തിയ യുവാവിനെ കൈയോടെ​ പിടികൂടി ബന്ധുക്കൾ. ഉത്തർപ്രദേശിലെ ബധോനിയിലാണ്​ സംഭവം.വിവാഹദിനത്തിൽ പെൺകുട്ടിയെ കാണാൻ പെൺവേഷം ധരിച്ചാണ്​ യുവാവ്​ വീട്ടിലെത്തിയത്​. വീട്ടിലെത്തി നേരെ പെൺകുട്ടിയുടെ മുറിയി​ൽ​ചെന്ന്​ കാമുകിയെ കാണാനായിരുന്നു യുവാവിൻ്റെ തീരുമാനം.

വീട്ടിലെത്തിയ സ്​ത്രീയുടെ പെരുമാറ്റത്തിൽ ബന്ധുക്കൾക്ക്​ സംശയം തോന്നുകയായിരുന്നു. തുടർന്ന്​ സംസാരിക്കുന്നതിനിടെ വെപ്പുമുടി അഴിഞ്ഞുപോകുകയായിരുന്നു. എന്നിട്ടും പെൺകുട്ടിയെ കാണണമെന്നായിരുന്നു യുവാവിൻ്റെ ആവശ്യം. സംഭവത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ചു.

ചുവന്ന സാരിയും തലയിൽ വിഗ്ഗും വളകളും ആഭരണങ്ങളും അണിഞ്ഞുനിൽക്കുന്ന യുവാവിനെ വിഡിയോയിൽ കാണാം. ബന്ധുക്കൾ യുവാവിൻ്റെ വിഗ്ഗ്​ എടുത്തുമാറ്റുന്നതും ദേഷ്യപ്പെടുന്നതും വിഡിയോയിലുണ്ട്​.

പെൺകുട്ടിയുടെ സമ്മതത്തോടെയാണ്​ വിവാഹം നടത്തുന്നതെന്ന്​ ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കൾ പൊലീസിനെ അറിയിക്കാൻ ഒരുങ്ങിയ​തോടെ വീടിന്​ പുറത്ത്​ ബൈക്കിൽ കാത്തിരുന്ന സുഹൃത്തുക്കൾക്കൊപ്പം യുവാവ്​ കടന്നുകളയുകയായിരുന്നു.