വായുവിലൂടെ ആറടി വരെ ദൂരത്തിൽ കൊറോണ വൈറസുകൾ സഞ്ചരിക്കും; രോഗവ്യാപനത്തിനു കാരണം ഉച്ഛ്വസിക്കുമ്പോൾ പുറത്തുവരുന്ന കണങ്ങൾ

ന്യ‍ൂഡെൽഹി: കൊറോണ വൈറസുകൾ വായുവിലൂടെ 6 അടി വരെ ദൂരത്തിൽ സഞ്ചരിക്കുമെന്നും ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്നും പഠനം. ഏറെ നേരം വൈറസിന് വായുവിൽ നിലനിൽക്കാനാകുമെന്നും പഠനം പറയുന്നു. അകലം പാലിക്കുന്നതിലൂടെ മാത്രമെ വായുവിലൂടെയുള്ള വൈറസ് വ്യാപനം തടയാൻ സാധിക്കൂ. രോഗ ബാധിതനായ ആളിൽനിന്നുമാണ് അടുത്തുള്ളവരിലേക്ക് രോഗം പടരുക.

യുഎസ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ പുതിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്. രോഗിയിൽനിന്നും പുറത്തുവരുന്ന വൈറസ് കണങ്ങൾ 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വായുവിൽ തങ്ങിനിൽക്കും.ഇതു ചുറ്റിലും നിൽക്കുന്നവരിലേക്കും അടുത്തുകൂടെ പോകുന്നവരിലേക്കും വൈറസ് പടരുന്നതിന് കാരണമാകും.

മൂന്നു മുതൽ ആറ് വരെ അടി ദൂരത്തിൽ വൈറസിന് സഞ്ചരിക്കാൻ സാധിക്കുന്നത് രോഗവ്യാപന സാധ്യത വർധിപ്പിക്കും. ശക്തിയായി ഉച്ഛ്വസിക്കുമ്പോൾ, സംസാരിക്കുമ്പോൾ, പാട്ടു പാടുമ്പോൾ, ചുമയ്ക്കുമ്പോൾ, വ്യായാമം ചെയ്യുമ്പോഴെല്ലാം വൈറസ് പുറത്തുവരാം.

ഉച്ഛ്വസിക്കുമ്പോൾ പുറത്തുവരുന്ന കണങ്ങളാണ് രോഗവ്യാപനത്തിനു കാരണം. രാജ്യാന്തര മെഡിക്കൽ ജേണൽ ആയ ലാൻസെറ്റ് വായുവിലൂടെ രോഗം പകരുമെന്ന് ഒരുമാസം മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. അടച്ചിട്ട മുറികളിൽ ആളുകൾ കൂടുന്നത് രോഗവ്യാപനം വർധിപ്പിക്കും. അകലം പാലിക്കുക, മാസ്ക് കൃത്യമായി ഉപയോഗിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവയാണ് വായുവിലൂടെ രോഗം പടരുന്നത് തടയാനുള്ള മാർഗങ്ങൾ.