ന്യൂഡെൽഹി: ഇന്ന് ഒന്നാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളില്‍ 70.17 ശതമാനവും അസമില്‍ 62 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഇരു സംസ്ഥാനങ്ങളിലും ഇന്ന് രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ബംഗാളില്‍ വൈകിട്ട് 6.30നും അസമില്‍ ആറിനും ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. പശ്ചിമ ബംഗാളില്‍ പോളിങ്ങിനിടെ നിരവധി സ്ഥലങ്ങളില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
അസമില്‍ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുബംഗാളില്‍ അഞ്ച് ജില്ലകളിലായി 30 നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഈ 30 നിയോജക മണ്ഡലങ്ങളില്‍ 27 എണ്ണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. ഒന്നാം ഘട്ടത്തില്‍ 91 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
അസമില്‍ 12 ജില്ലകളിലായി 47 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിയായ ബിജെപി 39 സീറ്റിലും സഖ്യ കക്ഷിയായ അസോം ഗണ പരിഷദ് 10 സീറ്റിലുമാണ് മത്സരിക്കുന്നത്.
അഞ്ച് പ്രതിപക്ഷ പാര്‍ട്ടികളടങ്ങുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യമാണ് ബിജെപി- എജിപി സഖ്യത്തിന്റെ പ്രധാന എതിരാളി. സിപിഐ, ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമൊക്രാറ്റിക് ഫ്രണ്ട്, സിപിഐ(എം), സിപിഐ(എംഎല്‍), അഞ്ചാലിക് ഗണ മാര്‍ച്ച തുടങ്ങിയ പാര്‍ട്ടികളാണ് മഹാസംഖ്യത്തില്‍ മത്സരിക്കുന്നത്.
സിഎഎ വിരുദ്ധ പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന കര്‍ഷക നേതാവ് അഖില്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള റായ്ജോര്‍ ദളും അസം സ്റ്റുഡന്റ്സ് യൂണിയന്‍ രൂപീകരിച്ച അസോം ജാതീയ പരിഷദും മത്സര രംഗത്തുണ്ട്. റായ്ജോര്‍ ദളുമായി എജെപിക്ക് പ്രാദേശിക സംഖ്യമുണ്ട്.