തൃശൂർ: സംസ്ഥാനത്ത് സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ബിജെപിയിലേക്ക് കടന്നുവരുന്നവരിൽ വലിയൊരു വിഭാഗം സിപിഎമ്മിൽ നിന്നാണ്. സിപിഎമ്മിലെ നിരവധി എംഎൽഎമാർ ബംഗാളിൽ ബിജെപിയിൽ ചേർന്നിട്ടുണ്ട്. നാല് ലോക്സഭ എംപിമാരാണ് സിപിഎം വിട്ട് ബിജെപിയിൽ ചേർന്നത്. എല്ലാ ദിവസവും പ്രമുഖർ ബിജെപിയിൽ ചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിജെപി സ്ഥാനാർഥി പട്ടിക പുറത്ത് വിടും. അതിൽ ഒരു കഥയ്ക്കും ഉള്ള സ്കോപ്പില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്.
ആഴക്കടൽ മത്സ്യബന്ധനക്കരാറുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തും നിരവധി കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ട്. എല്ലാ അഴിമതി കേസുകളിലുമെന്നത് പോലെ ഇതിലും ആദ്യം നിഷേധിക്കുകയും പിന്നീട് മുടന്തൻ ന്യായം പറയുകയുമാണ് പിണറായി സർക്കാർ ചെയ്യുന്നത്. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ജേക്കബ് തോമസും ഇ ശ്രീധരനും എൻഡിഎയോടൊപ്പമാണെന്നും സുരേന്ദ്രൻ പറഞ്ഞു.