ന്യൂഡെല്‍ഹി: 2021ലെ കേന്ദ്ര ബജറ്റിനെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. ബജറ്റില്‍ പ്രധാനമായും വിലവർധിക്കുന്നതും വിലകുറയുന്നതുമായ ഇനങ്ങൾ ഇവയൊക്കെയാണ്.
മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ക്കും പവര്‍ബാങ്കുകള്‍ക്കും 2.5 ശതമാനം കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സോളാര്‍ ഇന്‍വെര്‍ട്ടറിന്റെ കസ്റ്റംസ് തീരുവ 20 ശതമാനവും സോളാര്‍ റാന്തല്‍ വിളക്കിന്റേത് 15 ശതമാനവും വര്‍ധിപ്പിച്ചിട്ടുണ്ട്.കോട്ടണ്‍, പട്ടുനൂല്‍, ചെമ്മീന്‍ തീറ്റ, പെട്രോള്‍, ഡീസല്‍, സ്റ്റീല്‍ സ്‌ക്രൂ, എസി, ഫ്രിഡ്ജ് എന്നിവയില്‍ ഉപയോഗിക്കുന്ന കംപ്രസറുകള്‍, രത്‌നക്കല്ലുകള്‍ എന്നിവയുടെ കസ്റ്റംസ് തീരുവയും വര്‍ധിപ്പിച്ചിട്ടുണ്ട്.
എൽഇഡി ലാംപ്, വാഹനങ്ങളിലെ സേഫ്റ്റി & ടഫൻഡ് ഗ്ലാസ്, വിൻഡ്‌സ്ക്രീൻ വൈപ്പർ, സിഗ്നലിങ് എക്യുപ്‌മെന്റുകൾ, ലിഥിയം അയൺ ബാറ്ററി, പ്രിന്റർ, തുകൽ ഉൽപന്നങ്ങൾ, നൈലോണ്‍, പ്ലാസ്റ്റിക് ബിൽഡർവെയർ, സിന്തറ്റിക് സ്റ്റോൺ എന്നിവയുടെയും വില വര്‍ധിക്കും.
അതേസമയം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ബജറ്റില്‍ കുറച്ചിട്ടുണ്ട്. ഇതോടെ ഇവയുടെ വില കുറയും. ലെതര്‍ ഉല്പന്നങ്ങള്‍ നൈലോണ്‍ വസ്ത്രങ്ങള്‍, ഇരുമ്പ്, സ്റ്റീല്‍, ചെമ്പ് എന്നിവയുടെ വിലയും കുറയും. വിലയേറിയ ലോഹ നാണയങ്ങൾ, രാജ്യാന്തര സംഘടനകളും നയതന്ത്ര കേന്ദ്രങ്ങളും ഇറക്കുമതി ചെയ്യുന്ന മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെയും വില കുറയും.