കേന്ദ്ര ബജറ്റ് കടലാസ് രഹിതമാക്കാൻ ധനമന്ത്രാലയം

ന്യൂഡെൽഹി: കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഇത്തവണത്തെ കേന്ദ്ര ബജറ്റ് കടലാസ് രഹിതമാക്കാൻ ധനമന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ട്. പതിവ് പോലെ ബജറ്റ് രേഖ പ്രിന്റ് ചെയ്യില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇതിന് പാർലമെന്റിന്റെ ഇരുസഭകളും ധനമന്ത്രാലയത്തിന് അനുമതി നൽകിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ബജറ്റ് രേഖ പ്രിന്റ് ചെയ്യുന്നതിന് നിരവധി ജീവനക്കാർ വേണ്ടി വരും.

വൈറസിന്റെ പശ്ചാത്തലത്തിൽ ബജറ്റ് രേഖ പ്രിന്റ് ചെയ്യാൻ പതിനാല് ദിവസം പ്രസിൽ ജീവനക്കാർ ഒരുമിച്ച് ജോലി ചെയ്യുന്നത് അപകടകരമാണ് എന്ന് കണ്ടാണ് തീരുമാനം. നോർത്ത് ബ്ലോക്കിലെ ധനകാര്യമന്ത്രാലയത്തിന്റെ ഓഫീസിലാണ് പ്രസ് പ്രവർത്തിക്കുന്നത്.

അതേസമയം ബജറ്റിന് മുന്നോടിയായുള്ള ഹൽവ വിതരണ ചടങ്ങും ഉണ്ടാവാൻ സാധ്യതയില്ല. ബജറ്റ് രേഖ പ്രിന്റ് ചെയ്യുന്നതിന് മുന്നോടിയായാണ് ഈ ചടങ്ങ് നടത്തുന്നത്. അല്ലെങ്കിൽ പരിമിതമായ ആളുകളെ മാത്രം ഉൾപ്പെടുത്തി ചെറിയ രീതിയിൽ പരിപാടിനടത്താനും ആലോചനയുണ്ട്.
സാധാരണനിലയിൽ ജനുവരി 20നോടനുബന്ധിച്ചാണ് ഈ ചടങ്ങ് നടക്കുന്നത്.