തിരുവനന്തപുരം: കൊറോണ വ്യാപന പ്രതിസന്ധിയെ തുടർന്ന് അടച്ച സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകൾ ഈ മാസം മുതൽ ഘട്ടം ഘട്ടമായി തുറന്നു പ്രവർത്തിക്കുന്നതിന് കേരളാ സാങ്കേതിക സർവകലാശാല അക്കാഡമിക് കൗൺസിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. അക്കാഡമിക് കൗൺസിൽ യോഗം ചേർന്നു തയാറാക്കിയ റിപ്പോർട്ട് സിൻഡിക്കറ്റിനും സർക്കാരിനും സമർപ്പിച്ചിട്ടുണ്ട്. നിലവിലുള്ള ഓൺലൈൻ ക്ലാസുകളിലേറെയും ഈ മാസം 18 ഓടെ അവസാനിക്കും.
അക്കാഡമിക് കൗൺസിൽ തയാറാക്കിയ പുതിയ ഷെഡ്യൂൾ പ്രകാരം ബിടെക് എസ് ഏഴ് സെമസ്റ്റർ നേരിട്ടുള്ള ക്ലാസുകളും ലാബ് ക്ലാസുകളും ഈ മാസം 28 മുതൽ ആരംഭിക്കും. കോർ സബ്ജക്ടിൽ വിദ്യാർഥികൾക്ക് ക്ലാസുകളിലെത്തി പഠിക്കാനുള്ള ക്രമീകരണം അത്യാവശ്യമാണെന്നും പ്രാക്ടിക്കൽ ഉൾപ്പെടെയുള്ളവ പൂർത്തീകരിക്കാനും കോളജുകൾ തുറന്നു പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും കൗൺസിൽ സർക്കാരിന് നല്കിയ റിപ്പോർട്ടിൽ പറയുന്നു.
അടുത്ത ആഴ്ച്ച തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. റിപ്പോർട്ടിന് സർക്കാർ അംഗീകാരം നല്കിയാൽ ഈ മാസം 28 മുതൽ സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജിൽ നേരിട്ടുള്ള ക്ലാസുകൾ ആംരഭിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കും. 2021 ജനുവരി ഒൻപതു വരെയാണ് ഈ ക്ലാസുകൾ നിശ്ചയിച്ചിരിക്കുന്നത്.