തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കുന്ന കാര്യത്തില്‍ ഉടൻ തീരുമാനം എടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
പൊതുപരീക്ഷവഴി മൂല്യനിര്‍ണയം നടത്തുന്ന ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി സ്‌കൂളുകളും കോളജുകളും തുറക്കണോ എന്നകാര്യം പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍, ചെറിയ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇന്നത്തെ അവസ്ഥയില്‍ ക്ലാസുകള്‍ തുടങ്ങുക എന്നതും സ്‌കൂളില്‍പോയി പഠിക്കുക എന്നതും എത്ര കണ്ട് പ്രായോഗികമാകും എന്നകാര്യത്തില്‍ സംശയമുണ്ട്.
അതേസമയം, രോഗവ്യാപനത്തിന്റെ തോത് ഇതേ പോലെ കുറയുന്ന സാഹചര്യത്തിന് നല്ല പുരോഗതിയുണ്ടായാല്‍ ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങള്‍ കൃത്യമായ പരിശോധനയ്ക്ക് ശേഷം തുറക്കുന്നകാര്യവും അവര്‍ക്ക് മുന്‍കരുതല്‍ സ്വീകരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സാഹചര്യമുണ്ടോ എന്നും പരിശോധിക്കും. വിദഗ്ധ അഭിപ്രായം പരിഗണിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പിണറായി പറഞ്ഞു.