കോട്ടയം: ജീവനുള്ള ചിഹ്നമാണ് ചെണ്ടയെന്നും രണ്ടില ചിഹ്നം കിട്ടാത്ത് തദ്ദേശ തെരഞ്ഞടുപ്പിൽ തിരിച്ചടിയാവില്ലെന്നും പി ജെ ജോസഫ്. വോട്ടർമാരുടെ മനസ്സിൽ ഇടം പിടിക്കാൻ ഒറ്റ ദിവസം മതി. തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും പി ജെ ജോസഫ് പറഞ്ഞു.
ജോസും ജോസഫും പിരിഞ്ഞപ്പോൾ രണ്ടില ചിഹ്നമായിരുന്നു തർക്കം. ആ തർക്കം കോടതിവരെ എത്തിനിൽക്കുകയാണ്.
ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം നൽകിയ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരെ ജോസഫ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ കമ്മീഷൻ തീരുമാനം കോടതി മരവിപ്പിച്ചു. ഇരു വിഭാഗങ്ങളുടേയും വാദം കോടതിയിൽ പൂർത്തിയായി.
ഇതിനിടെ തദ്ദേശതെരഞ്ഞെടുപ്പിന് പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി വ്യാഴാഴ്ച ആയതിനാലാണ് ചിഹ്നം സംബന്ധിച്ച തീരുമാനം കോടതി ഉത്തരവിന് മുൻപ് കമ്മീഷൻ പ്രഖ്യാപിച്ചത്. ചിഹ്നം സംബന്ധിച്ച കോടതി ഉത്തരവ് ഉടൻ ഉണ്ടാകുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. അനുകൂലവിധിയുണ്ടാകുമെന്ന പ്രതീക്ഷയും ജോസ് വിഭാഗം പങ്ക് വയ്ക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം വേണമെന്ന് ജോസ് വിഭാഗവും ജോസഫ് വിഭാഗവും ആവശ്യപ്പെട്ടതോടെയാണ് ചിഹനം സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചത്.