വിവാഹവാർഷികത്തിന് ഭർതൃഗൃഹത്തിലേക്ക് പോകുമ്പോൾ യുവതി വാഹനാപകടത്തിൽ മരിച്ചു

അമ്പലപ്പുഴ: വിവാഹ വാർഷികത്തിന് ഭർതൃഗൃഹത്തിലേക്ക് പോകുകയായിരുന്ന യുവതി വാഹനാപകടത്തിൽ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശിനി അഞ്ജു വി ദേവ് ആണ് മരിച്ചത്. ആലപ്പുഴ തോട്ടപ്പള്ളിയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിൽ ഇടിച്ചാണ് അപകടം. പരിക്കേറ്റ പിതാവ് വാസുദേവൻ, മാതാവ് രേണുക ദേവി, സഹോദരൻ അരുൺ എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ കാർ റോഡരുകിലെ താഴ്‌ചയിലേക്ക് തെറിച്ചു പോയി. പിൻ സീറ്റീൽ അമ്മക്കൊപ്പമായിരുന്നു അഞ്ജു ഇരുന്നത്. ക്ലിനിക്കൽ സൈക്കോളജിയിൽ എംഎസ് സി കഴിഞ്ഞ അഞ്ജു ഗവേഷണ വിദ്യാർഥിനിയായിരുന്നു. ഞായറാഴ്ചത്തെ വിവാഹ വാർഷികത്തിന് പെരുമ്പാവൂരിലെ ഭർതൃഗൃഹത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം.

ശനിയാഴ്‌ച രാവിലെ 10.45 ഓടെയാണ്‌ അപകടം. കൊല്ലത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ജുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കന്നാലിപാലത്തിന് സമീപം മീൻലോറിയുമായി ഇടിക്കുകയായിരുന്നു. മറ്റു രണ്ടു വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ്‌ അപകടം.