തിരുവനന്തപുരം: തുടക്കത്തിൽ കേരളാ കോൺഗ്രസ് ജോസ് പക്ഷത്തോട് കാണിച്ച മൃദുസമീപനം ഇനി വേണ്ടെന്ന നിലപാടിലേക്ക് സിപിഐ നേതൃത്വം. അധികാരവും സ്ഥാനമാനങ്ങളും നേടാൻ അവസരവാദ നിലപാട് സ്വീകരിക്കുന്നവർക്ക് മുന്നിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് പാർട്ടി വരും ദിവസങ്ങളിൽ പാർട്ടി ശക്തമാക്കും.
നിയമസഭാ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ വിജയിക്കണമെങ്കിലും വഴിവിട്ട നീക്കങ്ങൾക്ക് സമ്മതിക്കില്ലെന്ന സമീപനമായിരിക്കും സിപിഐയുടേതെന്നാണ് സൂചന.ജോസിനെ ഉടൻ ഘടകകക്ഷിയാക്കുന്നതിൽ സിപിഐക്ക് യോജിപ്പില്ല. കാഞ്ഞിരപ്പള്ളി സീറ്റ് നൽകുന്നതിലും എതിരഭിപ്രായമാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം മുന്നണി പ്രവേശനം മതിയെന്ന നിലപാടാണ് സിപിഐക്കുള്ളത്.
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ഇടതുമുന്നണി യോഗം വ്യാഴാഴ്ച ചേരും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിൽ നടന്ന ചർച്ചക്ക് പിന്നാലെയാണ് യോഗ കാര്യം തീരുമാനിച്ചത്.
ജോസിനെ എത്രയും പെട്ടെന്ന് മുന്നണിയിൽ ഉൾപ്പെടുത്തണമെന്നാണ് സിപിഎം നിലപാട്. ഇന്ന് ചേർന്ന സിപിഎം-സിപിഐ ചർച്ചയിൽ ഇക്കാര്യമായിരുന്നു അജണ്ട. ഇക്കാര്യത്തിൽ മുന്നണിയിലെ കക്ഷികളുടെ കൂടി അഭിപ്രായമറിഞ്ഞ ശേഷമാകും അന്തിമ തീരുമാനം.
മതേതര പാർട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യങ്ങൾക്ക് സിപിഎം തയ്യാറാണെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ബിജെപിയെ എല്ലാ സംസ്ഥാനങ്ങളിലും ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക സഖ്യങ്ങൾക്ക് പാർട്ടി പ്രാമുഖ്യം നൽകുന്നത്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ ചേരുന്നതായുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ബീഹാർ മാതൃകയിൽ രാജ്യത്തെമ്പാടും ഇടതുപക്ഷം കൂടുതൽ സഖ്യങ്ങൾക്ക് രൂപം കൊടുക്കുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.