തിരുവനന്തപുരം: ഡ്രീം കേരള പദ്ധതിയിൽ നിന്നും അരുൺ ബാലചന്ദ്രനെ അടിയന്തരമായി നീക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അരുൺ ബാലചന്ദ്രന്റെ പേരുയർന്ന സാഹചര്യത്തിലാണ് നടപടി. കൊറോണ മൂലം തിരിച്ച് വന്ന പ്രവാസികൾക്കായി ആരംഭിച്ച ഡ്രീം കേരള പദ്ധതിയുടെ നിർവഹണ സമിതി അംഗം ആയിരുന്നു അരുൺ. മുഖ്യമന്ത്രിയുടെ ഐ ടി ഫെല്ലോ എന്ന നിലയിലായിരുന്നു ഇദ്ദേഹത്തെ സമിതിയിൽ ഉൾപ്പെടുത്തിയത് എന്ന് സർക്കാർ വിശദീകരണം നൽകി.
ജൂലായ് രണ്ടിനാണ് ബാലചന്ദ്രൻ അടക്കമുള്ളവരെ ഉൾപെടുത്തി സമിതി രൂപീകരിച്ചു ഉത്തരവിറക്കിയത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായുള്ള അടുപ്പമാണ് അരുണിനെ മുഖ്യമന്ത്രിയുടെ ഐടി ഫെലോ സ്ഥാനത്തും ഡ്രീം കേരളയിലും എത്തിച്ചതത്രേ. എന്നാൽ ഇതല്ല അരുണിന് വേറെ ചില ബന്ധങ്ങളും നിയമനത്തിന് സഹായകമായെന്ന് ആക്ഷേപം ഉണ്ട്.
ഡ്രീം കേരള പദ്ധതിയിൽ ദിനേശ് അറോറ ചെയർമാനും നോർക്ക റൂട്സ് സിഇഒ ഹരികൃഷ്ണൻനമ്പൂതിരി കൺവീനറുമാണ്. അരുൺബാലചന്ദ്രൻ അംഗമായ എക്സിക്യൂഷൻ കമ്മിറ്റിയിൽ ഒമ്പത് ഐഎഎസുകാരും രണ്ട് ഐപിഎസുകാരും ഉൾപ്പെടെ 14 അംഗങ്ങളാണുള്ളത്. സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്നക്ക് ഫ്ലാറ്റിനു ശുപാർശ ചെയ്തു എന്ന ആരോപണത്തെ തുടർന്നാണ് അരുൺ ബാലചന്ദ്രനെ ഐടി ഫേല്ലോ സ്ഥാനത്ത് നിന്നും നീക്കിയത്.