ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ വിമോചന നേതാവ് നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്‌സി മണ്ടേല ( 59)അന്തരിച്ചു. ദക്ഷിണാഫ്രിക്കയിലെ വിമോചന നേതാക്കളായ നെൽസൺ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും മകളായ സിൻഡ്‌സി മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
തിങ്കളാഴ്ച രാവിലെ ജോഹന്നാസ്ബർഗിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം പുറത്തുവിട്ടിട്ടില്ല. 2015 മുതൽ ഡെൻമാർക്കിലെ അംബാസിഡറായി പ്രവർത്തിച്ചു വരികയായിരുന്നു.
1985ൽ വെള്ളക്കാരുടെ വർണവിവേചനത്തിന് എതിരായ സംഘർഷങ്ങളെ അപലപിച്ചാൽ മണ്ടേലയെ ജയിൽ മോചിതനാക്കാമെന്ന സർക്കാർ നിർദ്ദേശത്തെ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം എഴുതിയ കത്ത് പൊതുവേദിയിൽ വായിച്ചതോടെയാണ് സിൻഡ്‌സി ജനശ്രദ്ധ നേടിയത്.