ഡിജിറ്റല്‍ എക്കോണമി പ്രോത്സാഹിപ്പിക്കാൻ ഗൂഗിൾ ഇന്ത്യയില്‍ 75,000 കോടി ₹ നിക്ഷേപിക്കും

ന്യൂഡെൽഹി: ഡിജിറ്റല്‍ എക്കോണമി പ്രോത്സാഹിപ്പിക്കാനായി ഇന്ത്യയില്‍ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ. ഗൂഗിൾ സിഇഒ സുന്ദര്‍ പിച്ചെയാണ് ഇക്കാര്യം അറിയിച്ചത്. ഗൂഗിള്‍ ഫോര്‍ ഇന്ത്യയുടെ വാര്‍ഷികത്തോട് അനുബന്ധിച്ച്‌ പ്രധാനമന്ത്രിയും സുന്ദര്‍ പിച്ചെയും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുന്ദര്‍ പിച്ചെയുടെ പ്രഖ്യാപനം.

ഗൂഗിൾ ഫോര്‍ ഇന്ത്യ രാജ്യത്തെ ഡിജിറ്റല്‍ എക്കോണമിയുടെ വളര്‍ച്ചക്കായി 10 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കും. അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 75,000 കോടി രൂപ ഇന്ത്യയില്‍ ചെലവഴിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. നിക്ഷേപം, പങ്കാളിത്തം, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകളിലാവും ഈ തുക ചെലവഴിക്കുക.

പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക, ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുക, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനെ സഹായിക്കുന്ന വ്യവസായങ്ങളെ പിന്തുണയ്ക്കുക, ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികമേഖലകളിലെ ഡിജിറ്റല്‍ നിക്ഷേപം തുടങ്ങിയവയിലാവും ഗൂഗിള്‍ നിക്ഷേപം ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളെ പിന്തുണക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പിച്ചെ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി, മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, രമേശ് പൊക്രിയാല്‍ എന്നിവര്‍ക്ക് നന്ദി-പിച്ചെ ട്വീറ്റ് ചെയ്തു. നരേന്ദ്ര മോദി, മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, രമേഷ് പൊക്രിയാല്‍ എന്നിവര്‍ക്ക് നന്ദിയുണ്ടെന്നും പിച്ചെ പറഞ്ഞു.