Home State ശിവശങ്കറിനെ ഐടി സെക്രട്ടറി പദവിയില്‍ നിന്നും നീക്കും

ശിവശങ്കറിനെ ഐടി സെക്രട്ടറി പദവിയില്‍ നിന്നും നീക്കും

0

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തില്‍ എം ശിവശങ്കറിനെ ഐടി സെക്രട്ടറി പദവിയില്‍നിന്നും നീക്കിയേക്കും. നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാവുമെന്നാണ് സൂചന. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിയില്‍നിന്നു നീക്കിയിട്ടുണ്ട്.

ശിവശങ്കറിനെ സെക്രട്ടറി പദവിയില്‍നിന്നു നീക്കിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ആരോപണ നിഴലില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതേസമയം ഐടി സെക്രട്ടറി പദവിയില്‍ ശിവശങ്കര്‍ തുടരേണ്ടതുണ്ടോയെന്നതില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തുകയാണെന്നാണ് വിവരം. ഐടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിലെ സെക്രട്ടറിയുടെ ചുമതലയില്‍ ശിവശങ്കര്‍ തുടരുന്നത് ആരോപണങ്ങളെ ബലപ്പെടുത്തുമെന്നാണ് സിപിഎം നേതൃത്വം കരുതുന്നത്.

ഐടി സെക്രട്ടറി എന്ന പദവി ദുരുപയോഗം ചെയ്താണ്, സ്വപ്‌ന സുരേഷിനെ ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ ഉന്നത പദവിയില്‍ നിയമിച്ചത് എന്നാണ് ആക്ഷേപം ഉയര്‍ന്നത്. കൂടാതെ ഐടി സെക്രട്ടറി സ്വപ്‌നയുടെ ഫ്ളാറ്റിലെ നിത്യസന്ദര്‍ശകനായിരുന്നു എന്നും ആരോപണമുണ്ട്. പല കാര്യങ്ങള്‍ക്കും സ്വപ്‌ന ഐടി സെക്രട്ടറിയുടെ സഹായം തേടിയിരുന്നതായി സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ സരിത്ത് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here