തിരുവനന്തപുരം: ഉറവിടമറിയാത്ത കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ചത് സാമൂഹിക വ്യാപനത്തിൻ്റെ സൂചനയായി ചൂണ്ടി കാണിക്കപ്പെടുന്നു. തിരുവനന്തപുരത്തും എറണാകുളത്തും ആശങ്ക വർദ്ധിപ്പിക്കുകയാണ്. കൊച്ചിയിൽ ഇന്നലെ ഉറവിടമറിയാത്ത ആറ് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് നാല് പേർക്ക് രോഗബാധ ഉണ്ടായത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. സ്ഥിതി ഗുരുതരമായി തുടർന്നാൽ തിരുവനന്തപുരത്തും കൊച്ചിയിലും ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് അധികൃതർ വ്യക്തമായിട്ടുണ്ട്.
എന്നാൽ തിരുവനന്തപുരത്ത് സമ്പർക്ക രോഗികളുടെ എണ്ണം കൂടുമ്പോഴും നിലവിൽ ട്രിപ്പിൾ ലോക്ക്ഡൗൺ വേണ്ടെന്നാണ് തീരുമാനം. തലസ്ഥാന നഗരത്തിൽ അതീവ ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രകൾക്കും നിയന്ത്രണമുണ്ട്.
നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചി നഗരത്തിൽ ഇന്ന് രാവിലെ മുതൽ കർശന പരിശോധന ആരംഭിച്ചു. നഗരത്തിൽ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ റോഡുകൾ അടച്ചു. അഞ്ച് ഡിവിഷനുകളിൽ ഒരു എക്സിറ്റ്, എൻട്രി പോയിന്റ് മാത്രമേയുള്ളു. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇന്നലെ കൊച്ചിയിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായവരിൽ കൊച്ചിയിൽ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്ന നാലുപേർ ഉൾപ്പെടും. ആലുവയിൽ കൊറോണ സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറാണ് മറ്റൊരാൾ.
തിരുവവനന്തപുരത്ത് സൊമാറ്റോ ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിൽ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്നയാൾക്കും രോഗം സ്ഥിരീകരിച്ചതൊടെ നിരീക്ഷണവും ജാഗ്രതയും കൂട്ടാൻ നിർദേശം നൽകിയിട്ടുണ്ട്. കണ്ടെയിൻമെൻറ് മേഖലകളിൽ ഭക്ഷണ വിതരണം അവസാനിപ്പിച്ചു. പാളയം മാർക്കറ്റിനോട് ചേർന്നുള്ള വാണിജ്യ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.