ന്യൂഡെൽഹി: രാജ്യത്ത് കോറോണക്കെതിരായ പോരാട്ടം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോറോണക്കെതിരായ പോരാട്ടത്തില്‍ തുടക്കത്തില്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ ജനങ്ങളില്‍ കാണുന്നില്ല. പലയിടത്തും ജാഗ്രതയില്‍ വീഴ്ചകള്‍ കാണുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണില്‍ നിന്ന് അണ്‍ലോക്കിലേക്ക് നമ്മള് നീങ്ങുകയാണ്. എന്നാല്‍ കൊറോണ വൈറസിനെ നേരിടുന്നതില്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും അശ്രദ്ധ കൂടുന്നതായും അതിതീവ്ര മേഖലകളില്‍ ജനം കടുത്ത ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചുമ, പനി ഉള്‍പ്പെടെ പല രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ള സമയമാണിത്. ആളുകള്‍ ജാഗ്രത പാലിക്കണം. രാജ്യത്തെ കൊറോണ ഭീഷണി നിലനില്‍ക്കുന്നുവെങ്കിലും കൊറോണ മരണം കുറവാണ്. സമയബന്ധിതമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം ലക്ഷക്കണക്കിന് ആളുകളുടെ ജീവന് രക്ഷിക്കാനായി. അതിതീവ്ര മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഇവിടുത്തെ ആളുകള്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. 130 കോടി ജനങ്ങളുടെ ജീവന്റെ രക്ഷയുടെ കാര്യമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസമായി 80 കോടി ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ഭക്ഷ്യധാന്യം വിതരണം ചെയ്യുകയാണ്. പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന വഴിയാണ് ഭക്ഷ്യധാന്യം വിതരണം ചെയ്തത്. ഈ പദ്ധതി അടുത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയാണ്. പദ്ധതിക്കായി ആകെ ഒന്നര ലക്ഷം കോടി രൂപ ചിലവിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.