ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയവർക്ക് ക്ഷമ നൽകി മകൻ സലാ ഖാഷോഗി

ഇസ്തംബുൾ: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയവരോട് ക്ഷമിക്കുന്നുവെന്ന് ജമാൽ ഖഷോഗിയുടെ മകൻ സലാ ഖാഷോഗി.

രക്തസാക്ഷി ജമാൽ ഖഷോഗിയുടെ മക്കളായ ഞങ്ങൾ, ഞങ്ങളുടെ പിതാവിനെ കൊന്നവരോട് ക്ഷമിക്കുകയും മാപ്പ് നൽകുകയും ചെയ്തിരിക്കുന്നു എന്നാണ് ഖഷോഗിയുടെ മകൻ സലാ ഖഷോഗി ട്വിറ്ററിലൂടെ അറിയിച്ചത്.

2018 ഒക്ടോബർ രണ്ടിനാണ് സൗദി സർക്കാരിന്റെ കടുത്ത വിമർശകനായ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി തുർക്കിയുടെ തലസ്ഥാനമായ ഇസ്തംബുളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 11 പേർ അറസ്റ്റിലായിരുന്നു. കേസിൽ അഞ്ചു പ്രതികൾക്ക് വധശിക്ഷയും മൂന്നു പേർക്ക് 24 വർഷത്തെ തടവും സൗദി കോടതി വിധിച്ചിരുന്നു. മറ്റുള്ളവരെ കുറ്റമുക്തരാക്കിയെന്നും സൗദി പബ്ലിക് പ്രോസിക്യൂട്ടർ ഡിസംബറിൽ അറിയിക്കുകയുണ്ടായി.

നേരത്തെ കുറ്റാരോപിതർക്കെതിരെ വിമർശനം ഉയർത്തിയ ഖഷോഗിയുടെ മകൻ സലാ തനിക്ക് നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് പറഞ്ഞിരുന്നു. അതേസമയം മാപ്പ് നൽകിക്കൊണ്ടുള്ള സലായുടെ പുതിയ ട്വീറ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.