ന്യൂഡെല്‍ഹി: രാജ്യവ്യാപകമായി ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പണിയില്ലാതെ പട്ടിണി കൊണ്ട് പൊറുതി മുട്ടുമ്പോൾ ഏത് വഴിയിലൂടെയും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുകയാണ് കുടിയേറ്റ തൊഴിലാളികൾ. എന്നാലിപ്പോൾ നാട്ടിലെത്താനായി യമുന നദിയും നീന്തി കടന്നിരിക്കിരയാണ് കുടിയേറ്റ തൊഴിലാളികള്‍.
ലോക്ക്ഡൗണില്‍ ഹരിയാനയില്‍ കുടുങ്ങിയ നൂറോളം വരുന്ന കുടിയേറ്റ തൊഴിലാളികളാണ് യുപിയിലെത്താന്‍ യമുന നീന്തികടന്നത്. കുട്ടികളെയും തോളിലേന്തി ബാഗും തലയില്‍ ചുമന്ന് മുട്ടൊപ്പം വെള്ളത്തിലൂടെ യമുന നദി കടക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ചിത്രം ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വെള്ളം കുറഞ്ഞ ഭാഗത്തൂടെയാണ് തൊഴിലാളികള്‍ നദി മുറിച്ചു കടന്ന് ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെത്തിയത്.
“ഞങ്ങളുടെ മുന്നില്‍ വേറെ വഴിയൊന്നുമില്ല. ഞങ്ങളെന്ത് ചെയ്യാനാണ്. ജോലിയും ഭക്ഷണവുമില്ല” ബിഹാറില്‍ നിന്നുള്ള ഒരു അതിഥി തൊഴിലാളി പറയുന്നു. ടയര്‍ ട്യൂബിന്റെ സഹായത്തോടെ യമുന കടക്കാനുള്ള തയ്യാറെടുപ്പില്‍ നദീതീരത്ത് കാത്തിരിക്കുകയാണ് ഇദ്ദേഹം.
വ്യാഴാഴ്ച രാത്രിയോടെയാണ് തൊഴിലാളികള്‍ നദി മുറിച്ചുകടന്ന് ഷംലിയിലെ കൈരാന പട്ടണത്തിലെത്തിയത്. എന്നാൽ സംഭവം വാര്‍ത്തയായതോടെ ജില്ലാ അധികൃതര്‍ ഇവരെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. സംസ്ഥാന അതിര്‍ത്തികള്‍ പൂട്ടിയതോടെ വഴിമുടങ്ങിയ തൊഴിലാളികള്‍ അധികൃതരുടെ അനുമതിയില്ലാതെതന്നെ നദി മുറിച്ചുകടക്കുകയായിരുന്നു.
ലോക്ഡൌണിനെ തുടര്‍ന്ന് ജില്ലാ അതിര്‍ത്തികളും സംസ്ഥാന അതിര്‍ത്തികളും അടച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ വീട്ടിലെത്താന്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് റിപ്പോർട്ടുകൾ.