ഔറേയ: ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് 24 കുടിയേറ്റ തൊഴിലാളികൾ മരിച്ചു. ഉത്തർപ്രദേശിലെ ഔറേയയിൽ
ദേശീയപാത 19 ൽ ഇന്ന് പുലർച്ചെ 3.30 യോടെയാണ് അപകടമുണ്ടായത്. രാജസ്ഥാനിൽ നിന്ന് ഉത്തർപ്രദേശിലേക്ക് ലോറിയിൽ മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇവർ ഇപ്പോൾ ചികിത്സയിലാണ്.
ഇരുഭാഗത്ത് നിന്നും അമിതവേഗത്തിൽ വന്ന ലോറികൾ കൂട്ടിയടിക്കുകയാണ് ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്.
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബിഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടിരിക്കുന്നതെന്ന് ഔറേയ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അഭിഷേക് സിങ് പറഞ്ഞു.
നിർഭാഗ്യകരമായ സംഭവം. മുഖ്യമന്ത്രി ജീവൻ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിച്ചു. പരിക്കേറ്റ് എല്ലാവർക്കും ഉടൻ വൈദ്യസഹായം നൽകണമെന്ന് കമ്മീഷണർക്കും ഐ.ജിക്കും അദ്ദേഹം നിർദേശം നൽകി, എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നത്.