മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലേക്ക് നടക്കുന്നതിനിടെ ഗര്‍ഭിണി വഴിയില്‍ പ്രസവിച്ചു: പ്രസവശേഷം 2 മണിക്കൂർ വിശ്രമിച്ചു; 150 കിലോമീറ്റർ കൂടി നടന്നു

മുംബൈ: മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലേക്ക് നടക്കുകയായിരുന്ന ഗര്‍ഭിണിയായ കുടിയേറ്റ തൊഴിലാളി വഴിയില്‍ പ്രസവിച്ചു. ദീര്‍ഘദൂരമുളള യാത്രക്കിടെ ചൊവ്വാഴ്ച യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. മറ്റൊരു സൗകര്യവും ഇല്ലാതായതോടെ യുവതി വഴിയിൽ പ്രസവിച്ചു. പ്രസവശേഷം 2 മണിക്കൂർ വിശ്രമിച്ച യുവതി 150 കിലോമീറ്റർ കൂടി നടന്നു.

മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നാണ് ഗർഭിണിയായ സ്ത്രീയും ഭർത്താവും മധ്യപ്രദേശിലെ സത്‌നയിലുള്ള വീട്ടിലേക്ക് കാൽനടയായി യാത്ര തിരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രസവം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ വിശ്രമിച്ച് 150 കിലോമീറ്റര്‍ കൂടി നടന്നപ്പോള്‍ സംസ്ഥാനത്തിന്‍റെ അതിര്‍ത്തിയില്‍ വച്ച് തങ്ങൾക്ക് ബസ് ലഭിച്ചുവെന്ന് ഭർത്താവ് പറുന്നു.

അമ്മയേയും കുഞ്ഞിനെയും ചികിത്സയ്ക്ക് വിധേയമാക്കിയെന്നും ഇരുവരും സുഖമായി ഇരിക്കുന്നുവെന്നും സത്ന ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.കെ റേ പറഞ്ഞു.