അനുവദിച്ചതിൽ കൂടുതൽ തൊഴിലാളികൾ ജോലിക്ക്; തൊഴിലുടമയ്‌ക്കെതിരെ കേസ്

ഇടുക്കി: അനുമതിയിൽ നൽകിയതിൽ കൂടുതൽ തൊഴിലാളികളെ ജോലിക്ക് വച്ച തൊഴിലുടമയ്‌ക്കെതിരെ കേസ് എടുത്തു. അന്യാർതുളുവിലെ ഏലം തോട്ടം ഉടമയ്ക്കെതിരെ ആണ് അനുമതിയിൽ കൂടുതൽ തൊഴിലാളികളെ ജോലിക്ക് വച്ചതിന് കമ്പം മെട്ട് പൊലീസ് കേസെടുത്തത്.

നിയന്ത്രിതമായി തോട്ടങ്ങളിൽ അത്യാവശ്യ ജോലികൾ ചെയ്യുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു. ഒരു ഏക്കറിൽ ഒരു തൊഴിലാളിയെ ജോലി ചെയ്യുന്നതിന് ആയിരുന്നു അനുമതി. അതിർത്തി സംസ്ഥാന തൊഴിലാളികളെ ജോലിക്ക് വയ്കക്കാൻ അനുമതി നൽകിയിരുന്നില്ല. ഈ വിലക്കുകൾ ലംഘിച്ചതോടെയാണ് തോട്ടം ഉടമയ്ക്കെതിരെ നടപടി സ്വീകരിച്ചത്.

വിലക്ക് ലംഘിച്ച് മൂന്നര ഏക്കർ തോട്ടത്തിൽ പതിമൂന്ന് തൊഴിലാളികളെ ജോലിക്ക് വയ്ക്കുകയായിരുന്നു. തോട്ടങ്ങളിൽ പരിശോധന കർശനമാക്കിയതായും അടുത്ത ദിവസങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുമെന്നും കമ്പംമെട്ട് പൊലീസ് അറിയിച്ചു. അതേസമയം, അതിർത്തി കടന്ന് വനത്തിലൂടെ എത്തിയ രണ്ടു തമിഴ്നാട് സ്വദേശികളേയും അറസ്റ്റ് ചെയ്ത് കമ്പം പൊലീസിന് കൈമാറി.