ഇന്ത്യയിൽ കൊറോണ ബാധിതർ കൂടുതലും 60 വയസിനു താഴെയുള്ളവർ

ന്യൂഡെൽഹി: രാജ്യത്തു കൊറോണ സ്ഥിരീകരിച്ചവരിൽ 83% പേരും 60 വയസ്സിനു താഴെയുള്ളവർ. രോഗബാധിതരിൽ 42% പേരും 21നും 40നും ഇടയിൽ പ്രായമുള്ളവരാണ്. 8% പേർ 20 വയസ്സിൽ താഴെയുള്ളവർ; 33% പേർ 41–60 പ്രായക്കാർ. രോഗബാധിതരിൽ 17% മാത്രമാണ് 60 വയസ്സിനു മുകളിലുള്ളവർ.
ആരോഗ്യമുള്ളവരെ പൊതുവിൽ കൊറോണ ഗുരുതരമായി ബാധിക്കില്ലെന്നാണു നിഗമനം. പ്രായമായവരെയും സ്ഥിര രോഗമുള്ളവരെയുമാണ് ഗുരുതരമായി ബാധിക്കുക.

കൊറോണ ബാധയേറ്റുള്ള മരണനിരക്കിൽ സ്ത്രീകളേക്കാൾ മൂന്നിരട്ടി സാധ്യത പുരുഷൻമാർക്കെന്ന് പഠനം. ഈ പഠനം ശാസ്ത്രലോകത്തിന്റെ അംഗീകാരത്തിനായി കാത്തുനിൽക്കുകയാണ്. മെഡ്റിക്സിൽ വന്ന പ്രാഥമിക പഠനത്തിലാണ് ഈ താരതമ്യമുള്ളത്. മറ്റ് ശാസ്ത്രജ്ഞൻമാരുടെ തീർപ്പിനായി കാത്തിരിക്കുകയാണ് ഈ റിപ്പോർട്ട്.

കൊറോണ രോഗബാധിതരായി മരിച്ചവരുടെ കണക്കു നോക്കുകയാണെങ്കിൽ പുരുഷൻമാരാണ് സ്ത്രീകളേക്കാൾ കൂടുതൽ മരണത്തിന് കീഴടങ്ങിയത്. രോഗബാധിതരായവരിലെ പുരുഷൻമാരുടെ മരണനിരക്ക് 9.2% ആകുമ്പോൾ സ്ത്രീകളിൽ മരണ നിരക്ക് 3.4% മാത്രമാണ്. ആശുപത്രികളിൽ കൊറോണ ബാധിതരായി പ്രവേശിപ്പിച്ച 4789 പേരുടെ കണക്കുകൾ ശേഖരിച്ചാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നത്. കണക്കെടുപ്പ് നടത്തിയവരുടെ ശരാശരി പ്രായം 49 വയസ്സാണ്.
കൊറോണ ബാധിതരായ പുരുഷൻമാർക്ക് കുറച്ചു കൂടി പരിചരണവും ശ്രദ്ധയും അധികം നൽകേണ്ടി വരുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നതെന്ന് പഠനം നടത്തിയ ഇറാനിൽനിന്നും അമേരിക്കയിൽനിന്നുമുള്ള ഗവേഷകർ പറയുന്നു. ചൈനയിൽ കൊറോണ ബാധിതരായി മരിച്ച മൂന്നിൽ രണ്ടു പേരും പുരുഷൻമാരായിരുന്നു.അതായത് ചൈനയിൽ കൊറോണ മരണസംഖ്യയുടെ 64% വരും പുരുഷൻമാർ.

ശ്വാസകോശത്തെ ബാധിക്കുന്ന സാർസ് പോലെയുള്ള രോഗങ്ങളിൽ സ്ത്രീകളേക്കാൾ 50% ത്തിലധികം മരണ സാധ്യത പുരുഷൻമാർക്കാണെന്ന് ഹോങ്കോങ് കേന്ദ്രീകരിച്ചുള്ള ചില പഠനങ്ങളിൽ നേരത്തെ കണ്ടെത്തിയിരുന്നു. ഒരു പക്ഷെ പുകവലിക്കാരുടെ എണ്ണം പുരുഷൻമാരിൽ കൂടുതലായാതാവാം ശ്വസനവുമായി ബന്ധപ്പെട്ട രോഗങ്ങളിൽ പുരുഷൻമാരുടെ മരണ നിരക്ക് കൂടാനുള്ള സാധ്യതയെന്നും ചില നിരീക്ഷണങ്ങളുണ്ട്.

കൊറോണ ബാധിച്ചതിനു ശേഷമുള്ള മരണസാധ്യത മറ്റ് രാജ്യങ്ങളേക്കാൾ കൂടുതലാണ് ചൈനയിലെന്നും പഠനം വെളിവാക്കുന്നുണ്ട്. ചൈനയിൽ കൊറോണ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ 6.6%വും മരണത്തിനു കീഴടങ്ങിയിരുന്നു.