നിസാമുദീനിൽ എത്തിയവരെന്ന് സംശയം; മലേഷ്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ എട്ട് പേര്‍ പിടിയില്‍

ന്യൂഡെല്‍ഹി: ലോക്ക്ഡൗണിനിടെ അനധികൃതമായി മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച എട്ട് യാത്രക്കാരെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. മലേഷ്യന്‍ പൗരന്മാരായ ഇവര്‍ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ്‌ ജമാ അത്തില്‍ പങ്കെടുത്തതായി സംശയിക്കുന്നു. ഇന്ത്യയില്‍ കുടുങ്ങിക്കിടന്ന മലേഷ്യന്‍ പൗരന്മാര്‍ക്കായി ന്യൂഡെല്‍ഹിയില്‍ നിന്ന് ക്വാലാലംപൂരിലേയ്ക്ക് മലിന്‍ഡോ എയല്‍ലൈന്‍സിന്റെ പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയിരുന്നു. ഈ വിമാനത്തില്‍ കയറാനാണ് ഇവര്‍ എത്തിയത്.

എട്ട് പേരും ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ ഒളിച്ച്‌ താമസിക്കുകയും വിമാനത്താവളത്തില്‍ ഒത്തുചേരുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിസാമുദ്ദീനില്‍ നടന്ന പരിപാടിയില്‍ ഇവര്‍ പങ്കെടുത്തിരിക്കാമെന്നും കരുതുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തശേഷം ഒളിവില്‍ പോയ 200 വിദേശികളില്‍ 18 പേരാണ് ഡെൽഹിയിലും ഉത്തര്‍പ്രദേശിലുമായി പിടിയിലായത്.